കുട്ടികളെ പരിഹസിച്ചാൽ നടപടി….. അങ്കണവാടി ജീവനക്കാർക്ക് ‘പെരുമാറ്റച്ചട്ടം’ വരുന്നു

ആലപ്പുഴ: അങ്കണവാടികളിലെ കുരുന്നുകളുടെ വ്യക്തിസവിശേഷതകൾ തിരിച്ചറിഞ്ഞ് അവരോട് പെരുമാറണമെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പ് ഉത്തരവിട്ടു. കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുന്ന രീതിയിലുള്ള യാതൊരു നടപടിയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു.
കുട്ടികളുടെ ശാരീരികമോ മാനസികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കരുത്. അവരെ ഭയപ്പെടുത്തുന്ന പെരുമാറ്റമോ ക്രൂരമായ ശിക്ഷാ നടപടികളോ കർശനമായി നിരോധിച്ചു. അങ്കണവാടിയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ജലസംഭരണികൾ നിശ്ചിത ഇടവേളകളിൽ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കുട്ടികൾക്ക് ശൗചാലയ പരിശീലനം നൽകണം. ശൗചാലയത്തിൽ പോകാൻ ആവശ്യപ്പെടുമ്പോൾ അവരെ ഭയപ്പെടുത്തരുത്.
കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ രക്ഷിതാക്കൾക്ക് സത്യസന്ധമായി കൈമാറണം. പരാതികൾ ഉണ്ടായാൽ അത് അടിയന്തരമായി പരിഹരിക്കാനുള്ള സംവിധാനം ഒരുക്കണം. അങ്കണവാടി കുട്ടികൾക്ക് സ്വന്തം വീട് പോലെ തോന്നുന്ന രീതിയിൽ അന്തരീക്ഷം ഒരുക്കണമെന്നും ഏകദേശം ഇരുപതോളം നിർദേശങ്ങളടങ്ങിയ ഉത്തരവിൽ പറയുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണെന്ന ബോധ്യത്തോടെ അവർക്ക് പരിചരണം നൽകണമെന്നാണ് വകുപ്പിന്റെ പക്ഷം. അങ്കണവാടി പ്രവർത്തകരുടെ പെരുമാറ്റം മികവുറ്റതാക്കുന്നതിലൂടെ പ്രീ-സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.



