പാചകവാതക വിലവർധനയും ക്ഷാമവും….. കാറ്ററിങ് മേഖല തകർച്ചയിലേക്ക്

കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും അടിക്കടിയുണ്ടാകുന്ന വിലവർധനയും കേരളത്തിലെ കാറ്ററിങ് വ്യവസായത്തെ നിശ്ചലമാക്കുന്നു. സിലിണ്ടറുകൾ കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ പുതിയ ഓർഡറുകൾ സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സംരംഭകർ. കഴിഞ്ഞ രണ്ടുമാസമായി പാചകവാതകത്തിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഇത് കാരണം നേരത്തെ ഏറ്റെടുത്ത വിവാഹ ഓർഡറുകൾ പോലും റദ്ദാക്കേണ്ടി വരുന്നു.
വാണിജ്യ സിലിണ്ടറുകൾക്ക് കഴിഞ്ഞ അഞ്ചുമാസത്തിനിടെ അഞ്ചുതവണയാണ് വില കൂടിയത്. സിലിണ്ടർ ഒന്നിന് ഏകദേശം 1518 രൂപയുടെ വർധനവുണ്ടായി. കുറഞ്ഞ നിരക്കിൽ നേരത്തെ ഉറപ്പിച്ച ഓർഡറുകൾ നടപ്പിലാക്കുന്നത് കാറ്ററർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നു. ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഒന്നര ലക്ഷത്തോളം തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ജോലി കുറഞ്ഞതോടെ പലരും മറ്റ് മേഖലകളിലേക്ക് ചേക്കേറുകയാണ്.
സംസ്ഥാനത്ത് ലൈസൻസുള്ള 3500-ഓളം യൂണിറ്റുകളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് യൂണിറ്റുകളുമുണ്ട്. കുടുംബശ്രീ ഉൾപ്പെടെയുള്ള കൂട്ടായ്മകളും ഈ പ്രതിസന്ധിയിൽ നട്ടംതിരിയുകയാണ്. വിവാഹങ്ങൾ, പൊതുപരിപാടികൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ തുടങ്ങി കേരളത്തിന്റെ സാമൂഹിക ജീവിതത്തിലെ എല്ലാ പ്രധാന പരിപാടികളെയും കാറ്ററിങ് മേഖലയിലെ ഈ സ്തംഭനം ബാധിക്കുന്നുണ്ട്. സർക്കാർ അടിയന്തരമായി ഇടപെട്ട് പാചകവാതക ലഭ്യത ഉറപ്പാക്കണമെന്ന് കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.കെ. വർഗീസ് ആവശ്യപ്പെട്ടു.



