“തോൽക്കുമെന്ന് അറിയാമായിരുന്നു”….. പേരാവൂരിലെ പരാജയത്തിൽ അതൃപ്തിയുമായി കെ.കെ. ശൈലജ

കണ്ണൂർ: കഴിഞ്ഞ തവണ മട്ടന്നൂരിൽ നിന്ന് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച തനിക്ക് ഇത്തവണ പേരാവൂരിൽ പാർട്ടിയുടെ ഉറച്ച കോട്ടകളിൽ പോലും വോട്ട് നേടാനായില്ലെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി. മത്സരിക്കാൻ താല്പര്യമില്ലെന്ന് അറിയിച്ചിട്ടും പാർട്ടി നിർബന്ധപൂർവ്വം സീറ്റ് നൽകുകയായിരുന്നുവെന്നും അവർ സെക്രട്ടറിയേറ്റിൽ പറഞ്ഞു. 3000-ത്തിന് മുകളിൽ വോട്ട് പ്രതീക്ഷിച്ചിരുന്ന പായത്ത് ശൈലജയ്ക്ക് ലഭിച്ചത് 1500-ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. ശൈലജയുടെ സ്വന്തം നാട്ടിൽ പോലും സണ്ണി ജോസഫ് 12 ബൂത്തുകളിൽ ലീഡ് നേടി.
സിപിഐഎം ഭരിക്കുന്ന നഗരസഭയിൽ സണ്ണി ജോസഫിന് ലഭിച്ചത് 2200 വോട്ടിന്റെ മേൽക്കൈയാണ്. ഇവിടെയുള്ള 32 ബൂത്തുകളിൽ 20 ഇടത്തും യുഡിഎഫ് കരുത്തറിയിച്ചു. 1500 വോട്ട് ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂരിൽ വെറും 300-ൽ താഴെ വോട്ടിന് മാത്രമാണ് ശൈലജയ്ക്ക് ലീഡ് ഉയർത്താനായത്. ആറളം (3900), കണിച്ചാർ (2184), കൊട്ടിയൂർ (1640), കേളകം (1477) എന്നിവിടങ്ങളിൽ സണ്ണി ജോസഫ് വൻ ഭൂരിപക്ഷം നേടി. മുഴക്കുന്ന് ഉൾപ്പെടെയുള്ള പാർട്ടി ഗ്രാമങ്ങളിലും വോട്ട് ചോർന്നത് ഗൗരവമായി കാണണമെന്ന് ശൈലജ ആവശ്യപ്പെട്ടു. ഒരു ജനകീയ നേതാവിനെ ജയസാധ്യതയില്ലാത്ത സീറ്റിൽ മനഃപൂർവ്വം മത്സരിപ്പിച്ച് തോൽപ്പിച്ചു എന്ന രീതിയിലുള്ള ചർച്ചകൾ ശൈലജയുടെ ആരാധകർക്കിടയിലും ഉയരുന്നുണ്ട്.



