കോൺ​ഗ്രസ് പാർലമെന്ററി പാർട്ടി ഇന്ന് യോ​ഗം ചേരും; കേന്ദ്ര നിരീക്ഷകർ എംഎൽഎമാരുമായി ചർച്ച നടത്തും

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നിർണായക ചർച്ചകൾക്കായി തലസ്ഥാനത്തെത്തിയ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിരീക്ഷകർ ഇന്ന് കോൺ​ഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം നടത്തും. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺ​ഗ്രസ് എംഎൽഎമാരുമായി ചർച്ച നടത്തുക. മുഖ്യമന്ത്രി പദവിയിലേക്ക് ഭൂരിപക്ഷം എംഎൽഎമാർ ആരുടെ പേരാണ് നിർദ്ദേശിക്കുക എന്നത് നിർണായകമാണ്.

ഇന്നു രാവിലെ 10ന് കെ.പി.സി.സി ആസ്ഥാനത്താണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ യോഗം നടക്കുക. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള അധികാരം കോൺഗ്രസ് പ്രസിഡന്റിന് കൈമാറുന്ന പ്രമേയവും യോഗത്തിൽ പാസാക്കും. യോഗത്തിനു ശേഷം എം.എൽ.എമാർക്ക് നിരീക്ഷകരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താൻ അവസരം നൽകും.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണു​ഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത്. എം.എൽ.എമാരുടെ അഭിപ്രായം നിർണായകമാണ്. പൊതുജന സ്വീകാര്യത, ഘടകകക്ഷികളുമായുള്ള ഏകോപനം, മുന്നണിയെ നയിക്കാനുള്ള കഴിവ്, ഭരണപരിചയം തുടങ്ങിയ ഘടകങ്ങളും ഹൈക്കമാൻഡ് പരിഗണിക്കും.

അതേസമയം, എം.എൽ.എമാരുടെ അഭിപ്രായ ശേഖരണം നിരീക്ഷകരുടെ സാന്നിധ്യത്തിൽ മാത്രം നടത്തണമെന്ന ആവശ്യം വി.ഡി. സതീശൻ മുന്നോട്ടുവയ്ക്കും. സംസ്ഥാന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നതാണ് ഈ നിലപാടിന് പിന്നിൽ. എം.എൽ.എമാർക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ ഇതിലൂടെ സാധിക്കുമെന്നാണ് സതീശൻ പക്ഷത്തിന്റെ വിലയിരുത്തൽ.

ദീപ ദാസ്മുൻഷിക്ക് കെ.സി. വേണുഗോപാലുമായി അടുത്ത ബന്ധമുണ്ടെന്നാണ് സതീശൻ അനുകൂലികളുടെ ആരോപണം. രഹസ്യമായി അഭിപ്രായം രേഖപ്പെടുത്താൻ അവസരം ലഭിച്ചാൽ ഭൂരിപക്ഷം എം.എൽ.എമാരുടെയും പിന്തുണ വി.ഡി. സതീശന് ലഭിക്കുമെന്നാണ് സതീശൻ ക്യാമ്പ് കണക്കുകൂട്ടുന്നത്.

Related Articles

Back to top button