ഫോർട്ട്കൊച്ചി കായലിൽ ‘ബോഡി’ ഒഴുകുന്നതായി വിവരം നൽകിയത് കസ്റ്റംസ്…. എടുക്കാനിറങ്ങിയപ്പോൾ….

കൊച്ചി: ഫോർട്ട്കൊച്ചി കായലിൽ മൃതദേഹം ഒഴുകി നടക്കുന്നുവെന്ന വിവരമറിഞ്ഞ് തിരച്ചിലിനിറങ്ങിയ കോസ്റ്റൽ പോലീസിന് ലഭിച്ചത് ഒരു ജീവൻ തിരികെ നൽകാനുള്ള നിയോഗം. കായലിൽ ഒഴുകി നടന്ന വയോധികനെ കോസ്റ്റൽ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി. പള്ളുരുത്തി സ്വദേശി പുത്തൻപള്ളി സിറിൾ (67) ആണ് മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. കായലിൽ മൃതദേഹം ഒഴുകുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലാണ് സിറിളിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.

ഫോർട്ട്കൊച്ചി കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം വെള്ളത്തിൽ ഒരു ശരീരം ഒഴുകുന്നതായി കസ്റ്റംസ് ജീവനക്കാരാണ് പോലീസിനെ അറിയിച്ചത്. വിവരം ലഭിച്ച ഉടൻ തന്നെ ഫോർട്ട്കൊച്ചി കോസ്റ്റൽ പോലീസ് സബ് ഇൻസ്പെക്ടർ സി.ആർ സിങ്, എസ്.ഐ ഉസ്മാൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടിൽ തിരച്ചിലിനിറങ്ങി. കായലിൽ ഒഴുകി വരികയായിരുന്ന ശരീരം മൃതദേഹമാണെന്ന് കരുതി ബോട്ടിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് സിറിളിന് ജീവനുണ്ടെന്ന് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ഉടൻ തന്നെ അദ്ദേഹത്തെ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തോപ്പുംപടി ഭാഗത്ത് വെച്ച് കാൽതെറ്റി കായലിൽ വീണതാണെന്നാണ് സിറിൾ പോലീസിനോട് പറഞ്ഞത്. ഏറെ നേരം വെള്ളത്തിൽ ഒഴുകി നടന്നിട്ടും അത്ഭുതകരമായാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. സ്രാങ്ക് സുജേഷ്, അസി. ബോട്ട് കമാൻഡർ വിജയൻ, ബോട്ട് ഡ്രൈവർ കാർഗിൽ, കോസ്റ്റൽ വാർഡൻ ശ്രീജിത്ത്, ലസ്ക്കർ രാജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Related Articles

Back to top button