കടലിൽനിന്ന് നിയമസഭയിലേക്ക്….. ആലപ്പുഴ പിടിച്ചെടുത്ത് ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എ.ഡി. തോമസ്

ആലപ്പുഴ: ഒന്നരപ്പതിറ്റാണ്ടായി ഇടതുപക്ഷം അടക്കിവാണിരുന്ന ആലപ്പുഴ മണ്ഡലം കോൺഗ്രസിലെ യുവപോരാളി എ.ഡി. തോമസ് പിടിച്ചെടുത്തു. സിപിഎമ്മിന്റെ മുതിർന്ന നേതാവും സിറ്റിങ് എംഎൽഎയുമായ പി.പി. ചിത്തരഞ്ജനെ 21,015 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തിനാണ് തോമസ് പരാജയപ്പെടുത്തിയത്. ഇതോടെ പുതിയ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ എന്ന ഖ്യാതിയും മുപ്പതുകാരനായ ഈ യുവനേതാവിന് സ്വന്തമായി.
മാരാരിക്കുളം അരശർക്കടവിൽ ഡൊമിനിക് ജാക്സൺ – അക്കാമ്മ ദമ്പതികളുടെ മകനായി ജനിച്ച തോമസ്, ജീവിതപ്രതിസന്ധികളോട് മല്ലിട്ടാണ് വളർന്നുവന്നത്. 17-ാം വയസ്സിൽ പിതാവിനൊപ്പം കടലിൽ പോയിത്തുടങ്ങിയ തോമസ്, കുടുംബം പുലർത്താനായി പൊന്തുവള്ളത്തിൽ മീൻ പിടിച്ചും പെട്രോൾ പമ്പിൽ ജോലി ചെയ്തും അധ്വാനിച്ചു. ട്യൂഷനെടുത്ത് പഠനത്തിനുള്ള വക കണ്ടെത്തിയ അദ്ദേഹം ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. കോളേജ് യൂണിയൻ ചെയർമാനായുള്ള തുടക്കം പിന്നീട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തിച്ചു. നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ഗൺമാനിൽ നിന്ന് ക്രൂരമർദ്ദനമേറ്റ തോമസിന്റെ ചിത്രം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഇടതുപക്ഷത്തിന് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ ചിത്തരഞ്ജന്റെ ഭൂരിപക്ഷം മറികടന്നുള്ള തോമസിന്റെ വിജയം രാഷ്ട്രീയ നിരീക്ഷകരെപ്പോലും ഞെട്ടിച്ചു. മത്സ്യബന്ധനവും കെട്ടിടനിർമ്മാണ തൊഴിലും ഉപജീവനമാർഗ്ഗമായി കൊണ്ടുനടക്കുന്ന ഈ മുപ്പതുകാരൻ ഇനി കടലോരത്തിന്റെ ശബ്ദമായി നിയമസഭയിലുണ്ടാകും.



