നിതിൻ രാജിന്റെ മരണം…. ഡോ. എം.കെ. റാമിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നിലപാട് തേടി…. മറുപടി 15-നകം നൽകണം

കൊച്ചി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പോലീസിനോട് നിലപാട് തേടി. മെയ് 15-നകം മറുപടി നൽകാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. നേരത്തെ തലശ്ശേരി സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടർന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
തനിക്ക് നിതിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്നും മനഃപൂർവം കേസിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നുമാണ് ഡോ. റാം ജാമ്യാപേക്ഷയിൽ പറയുന്നത്. അഡ്വ. എസ്. രാജീവാണ് ഇദ്ദേഹത്തിനായി കോടതിയിൽ ഹാജരാകുന്നത്. നിതിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഡോ. റാമിനെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. അതിനാൽ തന്നെ പോലീസ് മുൻകൂർ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് സാധ്യത. നിതിനെ അധ്യാപകർ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പരാതി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് ഡോ. റാമിനെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയായ നിതിൻ രാജ് കഴിഞ്ഞ ഏപ്രിൽ 10-നാണ് കോളജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. പരീക്ഷാ സംബന്ധമായ സമ്മർദ്ദങ്ങളും അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനങ്ങളുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.



