“എന്തുകൊണ്ട് ജനങ്ങൾ കൈവിട്ടു?”…. സിപിഎമ്മിനെതിരെ ആത്മപരിശോധനയ്ക്ക് ആഹ്വാനം ചെയ്ത് ജനയുഗം

കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത തിരിച്ചടിക്ക് കാരണം ശക്തമായ ഭരണവിരുദ്ധ വികാരമാണെന്ന് സിപിഐ മുഖപത്രം ‘ജനയുഗം’. പത്ത് വർഷത്തെ ഭരണത്തിനൊടുവിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ എന്തുകൊണ്ട് ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു എന്ന് ആത്മാർത്ഥമായി പരിശോധിക്കണമെന്ന് ജനയുഗം മുഖപ്രസംഗത്തിൽ ആവശ്യപ്പെടുന്നു.

വികസന പ്രവർത്തനങ്ങൾ നടന്നെങ്കിലും ഭരണത്തിന് നേതൃത്വം നൽകിയവർ ജനങ്ങളിൽ നിന്ന് അകന്നുപോയി. ഇടതുപക്ഷത്തിന്റെ പരമ്പരാഗത വോട്ട് ബാങ്കിൽ വലിയ ചോർച്ചയുണ്ടായി. സിപിഎമ്മിലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിൽ ചേർന്ന് മത്സരിക്കുകയും പാർട്ടിയെ വെല്ലുവിളിച്ച് വിജയിക്കുകയും ചെയ്തത് ഗൗരവമായി കാണണം. ഇത് ഇരുത്തിച്ചിന്തിപ്പിക്കേണ്ട രാഷ്ട്രീയ പ്രതിഭാസമാണ്. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി തിരുത്തലുകൾക്ക് തയ്യാറായില്ലെങ്കിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി ഇല്ലാതാകുമെന്നും മുഖപ്രസംഗം മുന്നറിയിപ്പ് നൽകുന്നു.

ഇത്തവണ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ (102 സീറ്റ്) അധികാരത്തിലെത്തിയപ്പോൾ എൽഡിഎഫ് കേവലം 35 സീറ്റുകളിലേക്ക് ചുരുങ്ങി. ബിജെപി മൂന്ന് സീറ്റുകൾ നേടി ചരിത്രം കുറിച്ചു. കോൺഗ്രസ്-63, ലീഗ്-22, കേരള കോൺഗ്രസ്-7, ആർഎസ്പി-3, മറ്റുള്ളവർ-7. സിപിഐഎം-26, സിപിഐ-8, ആർജെഡി-1. ബിജെപി (നേമം, കഴക്കൂട്ടം, ചാത്തന്നൂർ). പിണറായി സർക്കാരിലെ 13 മന്ത്രിമാരാണ് ഇത്തവണ പരാജയപ്പെട്ടത്. വി. ശിവൻകുട്ടി, വീണാ ജോർജ്, എം.ബി. രാജേഷ്, പി. രാജീവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവർ ജനവിധിയിൽ വീണു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഏഴ് മന്ത്രിമാർ മാത്രമാണ് വിജയിച്ചത്. ധർമ്മടത്ത് പിണറായി വിജയൻ ആറ് റൗണ്ടുകളിൽ പിന്നിലായത് സിപിഎമ്മിന് ഏറ്റ കനത്ത ആഘാതമായി. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ അഞ്ച് ജില്ലകളിൽ യുഡിഎഫ് സമ്പൂർണ്ണ വിജയം നേടി ഇടതുപക്ഷത്തെ നിഷ്പ്രഭമാക്കി.

Related Articles

Back to top button