പിണറായി അല്ലെങ്കിൽ ആരാകും പ്രതിപക്ഷ നേതാവ്?; ബാലഗോപാലോ, സജി ചെറിയാനോ, മുഹമ്മദ് റിയാസോ?

തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷ നേതാവാകില്ലെന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. ഇതോടെ ആരാകും പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ചർച്ചകളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ സജീവമാകുന്നത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകൾ മെയ് നാലോടെ അവസാനിക്കുമെന്നായിരുന്നു നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞത്. അതിനെ പരിഹസിച്ചുകൊണ്ടാണ് യുഡിഎഫ് സൈബർ ഗ്രൂപ്പുകളിൽ ആരാകും പ്രതിപക്ഷ നേതാവ് എന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്.
പിണറായി പ്രതിപക്ഷ നേതാവാകിനില്ലെങ്കിൽ പിന്നീട് ആ സ്ഥാനത്തേക്ക് എത്താൻ ഏറ്റവും കൂടുതൽ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെഎൻ ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാൽ. പ്രമുഖ നേതാക്കൾ എല്ലാം യുഡിഎഫ് തരംഗത്തിൽ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചർച്ചകൾ നീളുന്നത്.
ബാലഗോപാൽ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പിഎ മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ.



