തോൽവി അംഗീകരിക്കുന്നു; കേരള നിയമസഭയിൽ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

തോൽവി അംഗീകരിക്കുന്നു എന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ എൽഡിഎഫിനുണ്ടായ പരാജയം അപ്രതീക്ഷിതമാണ്‌. പരാജയത്തെ അംഗീകരിച്ചുകൊണ്ട്‌ വന്ന പോരായ്‌മകൾ തിരുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്‌ സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രതികരിച്ചു. കേരള നിയമസഭയിൽ ബിജെപിക്ക്‌ 3 സീറ്റ്‌ നേടാനായി എന്നത്‌ അതീവ ഗൗരവമുള്ള കാര്യമാണ്‌. ഈ 3 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ പൊരുതി നാമമാത്രമായ വോട്ടുകൾക്ക്‌ പരാജയപ്പെട്ടത്‌ എൽഡിഎഫ്‌ ആണ്‌. ഈ മണ്ഡലങ്ങളിലെല്ലാം യുഡിഎഫ്‌ മൂന്നാം സ്ഥാനത്തായിരുന്നുവെന്ന്‌ ഓർക്കണം. മതസൗഹാർദത്തിന്‌ പേര്‌ കേട്ട കേരളത്തിന്റെ മണ്ണിൽ വർഗ്ഗീയ രാഷ്‌ട്രീയത്തിനെതിരെ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം ഇത്‌ ഓർമ്മിപ്പിക്കുന്നുണ്ടെന്നും പാർട്ടി പറഞ്ഞു.

ആഗോളവൽക്കരണ നയങ്ങൾ അതേപോലെ നടപ്പിലാക്കി തകർന്നുകിടന്ന കേരളത്തെ അതിദാരിദ്ര്യം പരിഹരിച്ചുകൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാനമായി മാറ്റാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. കേരളത്തിന്റെ വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പ്രകടനപത്രികയിൽ ജനങ്ങൾക്ക്‌ നൽകിയ വാഗ്‌ദാനങ്ങളെല്ലാം നടപ്പിലാക്കുന്നതിനും സർക്കാരിന്‌ കഴിഞ്ഞു. ഇതിന്റെ ഫലമായി കേരളത്തിന്റെ സമസ്‌ത മേഖലയിലും വലിയ പുരോഗതി ആർജ്ജിക്കാനായി. കാർഷിക-വ്യാവസായിക മേഖലകൾ ശക്തിപ്പെട്ടു. ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയായി. ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിട രംഗം, ശുചിത്വം തുടങ്ങിയ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യത്തിനാകമാനം മാതൃകയായി.

രാജ്യത്ത് ന്യൂനപക്ഷങ്ങളും, ജനാധിപത്യവാദികളും ആക്രമിക്കപ്പെട്ടപ്പോൾ അതിൽ നിന്നും വ്യത്യസ്‌തമായി മതസൗഹാർദത്തിന്റെ നാടായി കേരളത്തെ മാറ്റാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമെന്ന നിലയിൽ കേരളം വളർന്നു. മതരാഷ്‌ട്ര രൂപീകരണം ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരായുള്ള പോരാട്ടത്തിലും, ഫെഡറലിസം സംരക്ഷിക്കാനുള്ള സമരത്തിലും ശക്തമായ നിലപാടുകൾ സ്വീകരിച്ചു. ജനകീയ പോരാട്ടത്തിനോടൊപ്പം കോടതികളിലും അത്തരം സമരങ്ങൾ തുടർന്നു. ഇത്‌ രാജ്യത്താകമാനമുള്ള ജനകീയ രാഷ്‌ട്രീയത്തിന്‌ കരുത്ത്‌ പകരുകയും ചെയ്‌തെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌.

Related Articles

Back to top button