‘അടിയന്തിര സഹായം ആവശ്യമുണ്ട്’, 112-ലേക്ക് വിളിച്ച് യുവാവിൻ്റെ അഭ്യർത്ഥന; പൊലീസുകാർ തിരികെ വിളിച്ചപ്പോൾ..

പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ച് വ്യാജ സഹായ അഭ്യർഥന നടത്തിയ സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തളിക്കുളം പത്താംകല്ല് വയൽ പാലം സ്വദേശി പണിക്കവീട്ടിൽ ഷാഹിദ് (36) ആണ് അറസ്റ്റിലായത്. അടിയന്തര പോലീസ് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാൾ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇ.ആർ.എസ്.എസ്.) കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. ഈ വിവരം കോൺട്രോൾ റൂമിൽ നിന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ വിളിച്ചപ്പോൾ ലഹരിക്ക് അടിമപ്പെട്ട നിലയിൽ സംസാരിച്ച ഇയാൾ കൃത്യമായ വിവരങ്ങൾ നൽകാൻ തയ്യാറായില്ല.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷാഹിദ് മനഃപ്പൂർവം പോലീസിനെ കബളിപ്പിക്കുന്നതിനായി വിളിച്ചതാണെന്ന് കണ്ടെത്തി. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് സഹായമെത്തിക്കേണ്ട പോലീസ് സേനയേയും സംവിധാനങ്ങളേയും ദുരുപയോഗം ചെയ്തതിന് വാടാനപ്പള്ളി പോലീസ് ഷാഹിദിനെതിരേ കേസെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാടാനപ്പള്ളി, വലപ്പാട്, തൃശൂർ ഈസ്റ്റ്, വാളയാർ പോലീസ് സ്റ്റേഷൻ പരിധികളിലായി 20.5 കിലോ കഞ്ചാവ് വിൽപ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലും ആറ് അടിപിടിക്കേസുകളിലും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസുകളിൽ ഷാഹിദ് പ്രതിയാണ്.

Related Articles

Back to top button