കുന്നത്തുനാട്ടിലും കൈവിട്ടു…. ട്വന്റി20-ക്ക് കനത്ത തിരിച്ചടി, കേരള നിയമസഭയിൽ മൂന്ന് സീറ്റുകളുമായി ബിജെപി കരുത്ത് കാട്ടി

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ട്വന്റി20-ക്ക് സ്വന്തം തട്ടകമായ കുന്നത്തുനാട്ടിൽ പോലും ചലനമുണ്ടാക്കാനായില്ല. അതേസമയം, കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ പിടിച്ചെടുത്ത് ബിജെപി കരുത്ത് കാട്ടി. നേമം, ചാത്തന്നൂർ, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ബിജെപി അക്കൗണ്ട് തുറന്നത്. പാർട്ടിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച ബാബു ദിവാകരന് 39,958 വോട്ടുകൾ മാത്രമാണ് നേടാനായത്. 2021-ൽ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ 41,890 വോട്ടുകൾ നേടിയ സ്ഥാനത്താണ് ബിജെപിയുമായി ചേർന്ന് മത്സരിച്ചിട്ടും വോട്ടുകൾ കുറഞ്ഞത്.
കഴിഞ്ഞ തവണ ട്വന്റി20-യും ബിജെപിയും വെവ്വേറെ മത്സരിച്ചപ്പോൾ ലഭിച്ച ആകെ വോട്ടുകളെ അപേക്ഷിച്ച് ഒൻപതിനായിരത്തിലേറെ വോട്ടുകളുടെ കുറവാണ് ഇത്തവണ സഖ്യത്തിനുണ്ടായത്. ട്വന്റി20-യിലൂടെ ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാമെന്ന ബിജെപി തന്ത്രം ഇവിടെ പരാജയപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ 3,800 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ബി. ഗോപകുമാർ 4,402 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം കണ്ടെത്തി. വി. മുരളീധരനാണ് കഴക്കൂട്ടത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർ ദയനീയമായി പരാജയപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് 50,211 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിർത്തിയത്. എൻഡിഎ സഖ്യം വലിയ പ്രതീക്ഷ വെച്ച തൃക്കാക്കരയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് ബിജെപി-ട്വന്റി20 സഖ്യത്തിന് തിരിച്ചടിയായി.



