റെക്കോർഡുകൾ വഴിമാറി…. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ചരിത്ര വിജയം, കേരളത്തിന്റെ പുതിയ ‘ഭൂരിപക്ഷ രാജകുമാരൻ’

മലപ്പുറം: കേരള രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച് മുസ്ലിം ലീഗ് കരുത്തൻ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മലപ്പുറം മണ്ഡലത്തിൽ സർവ്വകാല റെക്കോർഡ് ഭൂരിപക്ഷം. 85,327 വോട്ടുകളുടെ കൂറ്റൻ ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി കേരള നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മട്ടന്നൂരിൽ നിന്നും കെ.കെ. ശൈലജ നേടിയ 60,963 വോട്ടുകളുടെ റെക്കോർഡാണ് കുഞ്ഞാലിക്കുട്ടിയുടെ പടയോട്ടത്തിൽ തകർന്നത്. യുഡിഎഫ് സ്ഥാനാർത്ഥിയായ കുഞ്ഞാലിക്കുട്ടി ആകെ 1,31,166 വോട്ടുകൾ വാരിക്കൂട്ടിയപ്പോൾ എതിരാളികൾ നിഷ്പ്രഭരായി. പോൾ ചെയ്ത വോട്ടുകളിൽ 67.35 ശതമാനവും കുഞ്ഞാലിക്കുട്ടിയുടെ പെട്ടിയിലായി. ഇതും തിരഞ്ഞെടുപ്പ് ചരിത്രത്തിലെ മറ്റൊരു അപൂർവ്വ റെക്കോർഡാണ്. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വെറും 46,092 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എൻഡിഎ സ്ഥാനാർത്ഥി അശ്വതി ഗുപ്തകുമാർ 9,043 വോട്ടുകളിലേക്ക് ഒതുങ്ങി.
കുഞ്ഞാലിക്കുട്ടിയുടെ റെക്കോർഡ് പ്രകടനം ജില്ലയിലാകെ യുഡിഎഫ് തരംഗമായി മാറി. മലപ്പുറം ജില്ലയിലെ ആകെ 16 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയക്കൊടി പാറിച്ചുകൊണ്ട് ജില്ലയെ ‘മഞ്ഞ-വെള്ള-പച്ച’ കടലാക്കി മാറ്റി. കഴിഞ്ഞ തവണ എൽഡിഎഫ് പിടിച്ചെടുത്ത കോട്ടകൾ ഉൾപ്പെടെ തിരിച്ചുപിടിച്ചാണ് ജില്ലയിൽ യുഡിഎഫ് നൂറ് ശതമാനം വിജയം കൈവരിച്ചത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുമ്പോൾ, നിയമസഭയിലെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമായി പി.കെ. കുഞ്ഞാലിക്കുട്ടി മാറുമെന്ന് ഈ ഫലം ഉറപ്പിക്കുന്നു.



