പ്രവചനങ്ങളിൽ ‘റാഷിദ് മാജിക്’… യുഡിഎഫ് തരംഗവും ഇടതുകോട്ടകളുടെ തകർച്ചയും കൃത്യം…. പിണറായിയുടെ ഗ്രാഫ് ഇടിഞ്ഞതും അച്ചട്ടായി

കോഴിക്കോട്: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന് പിന്നാലെ രാഷ്ട്രീയ നിരീക്ഷകൻ റാഷിദ് സിപി നടത്തിയ പ്രവചനങ്ങൾ നൂറ് ശതമാനം കൃത്യതയിലേക്ക്. യുഡിഎഫ് 100 സീറ്റുകൾ കടക്കുമെന്നും ഇടതുകോട്ടകൾ തകരുമെന്നുമുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലുകൾ ശരിവെക്കുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. യുഡിഎഫ് 91 മുതൽ 102 സീറ്റ് വരെ നേടുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. നിലവിൽ 102 സീറ്റുകളുമായി യുഡിഎഫ് അധികാരം ഉറപ്പിച്ചു കഴിഞ്ഞു.
എൽഡിഎഫ് 38 മുതൽ 48 സീറ്റിലേക്ക് ഒതുങ്ങുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ നിലവിൽ 35 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് ചെയ്യാനായത്. എൻഡിഎ ഒന്ന് മുതൽ മൂന്ന് സീറ്റ് വരെ നേടുമെന്ന പ്രവചനം ശരിവെച്ച് മൂന്ന് മണ്ഡലങ്ങളിൽ എൻഡിഎ വിജയിച്ചു. 2001-ന് ശേഷം ഇടതുപക്ഷത്തേക്ക് അടുത്ത ന്യൂനപക്ഷ വോട്ടുകൾ പൂർണ്ണമായും യുഡിഎഫിലേക്ക് തിരിച്ചുപോയെന്ന (റിവേഴ്‌സ് സ്വീപ്) റാഷിദിന്റെ നിരീക്ഷണം ഫലത്തിൽ പ്രതിഫലിച്ചു.
പയ്യന്നൂർ, അമ്പലപ്പുഴ, തളിപ്പറമ്പ് തുടങ്ങിയ സിപിഎം ഹൃദയഭൂമികളിൽ യുഡിഎഫ് നേടിയ അട്ടിമറി വിജയം റാഷിദ് മുൻകൂട്ടി കണ്ടിരുന്നു. സിപിഎം വിട്ടുപുറത്തുവന്ന പ്രവർത്തകരുടെ നിലപാടുകൾ ഇതിൽ നിർണ്ണായകമായി. പിണറായി വിജയന്റെ വ്യക്തിഗത പ്രഭാവത്തിൽ ഇടിവുണ്ടാകുമെന്ന പ്രവചനവും ശരിയായി. ധർമ്മടത്ത് ആദ്യ റൗണ്ടുകളിൽ പിന്നിലായ മുഖ്യമന്ത്രിക്ക്, മുൻപ് ലഭിച്ചിരുന്ന വൻ ഭൂരിപക്ഷത്തിന്റെ ഏഴയലത്ത് പോലും എത്താനായില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ട്രെൻഡ് കൃത്യമായി പ്രവചിച്ച റാഷിദ്, ഇത്തവണയും തന്റെ സർവ്വേ ഫലങ്ങളിൽ ഉറച്ചുനിൽക്കുകയായിരുന്നു. അസ്ഥിരമായ രാഷ്ട്രീയ നിലപാടുകളും സ്വജനപക്ഷപാതവും ഇടത് വോട്ടർമാരെ നിരാശപ്പെടുത്തിയെന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ വിശകലനം കേരളം ഇത്തവണ ശരിവെച്ചിരിക്കുകയാണ്.



