യുഡിഎഫ് വീട്ടിലെ അദൃശ്യ ‘കാര്‍ന്നോര്‍’….. നൂറുമേനി വിജയത്തിന് ക്രഡിറ്റ് മുസ്ലീം ലീഗിനും

തിരുവനന്തപുരം: സംസ്ഥാനത്ത് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുമ്പോൾ മുന്നണിയുടെ വിജയശിൽപ്പികളായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. സീറ്റ് വിഭജനം മുതൽ പ്രചാരണം വരെ കോൺഗ്രസിനൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച ലീഗ്, ഇത്തവണ യുഡിഎഫിന്റെ വൻ വിജയത്തിൽ അനിഷേധ്യമായ സ്വാധീനമാണ് ചെലുത്തിയത്.
മത്സരിച്ച 26 സീറ്റുകളിൽ 22 ഇടത്തും വിജയിച്ച് ലീഗ് കരുത്തു തെളിയിച്ചു. നിയമസഭയിൽ കോൺഗ്രസിനും സി.പി.എമ്മിനും പിന്നിൽ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി ലീഗ് മാറി. സി.പി.എമ്മിന്റെ സീറ്റ് നിലയുമായി നേരിയ വ്യത്യാസം മാത്രമാണ് ലീഗിനുള്ളത് എന്നത് ശ്രദ്ധേയമാണ്. സീറ്റ് വിഭജന വേളയിൽ മുൻകാലങ്ങളിൽ ഉണ്ടാകാറുള്ള പരസ്യമായ തർക്കങ്ങളോ പോരോ ഇത്തവണ ഉണ്ടായില്ല. എല്ലാ വിഷയങ്ങളും മുന്നണിക്കുള്ളിൽ ചർച്ച ചെയ്ത് പരിഹരിച്ച ലീഗ് നേതൃത്വം യുഡിഎഫിന്റെ ഐക്യം കാത്തുസൂക്ഷിച്ചു. പാർട്ടിയെയും അണികളെയും ഒരുപോലെ സംയമനത്തോടെ നയിക്കാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കും പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കും സാധിച്ചു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി ചർച്ചകൾക്കിടയിലും പാർട്ടി ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചില്ല.
വടക്കൻ കേരളത്തിലെ യുഡിഎഫ് പ്രചാരണത്തിന്റെ ചുക്കാൻ പിടിച്ചത് ലീഗ് അണികളായിരുന്നു. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ലീഗിന്റെ കേഡർ സ്വഭാവം വോട്ടർമാരെ സ്വാധീനിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കോൺഗ്രസ് ദേശീയ നേതാക്കൾ പങ്കെടുത്ത പൊതുസമ്മേളനങ്ങളിൽ വലിയ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലും കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള രാഷ്ട്രീയ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും ലീഗ് മുൻപന്തിയിൽ നിന്നു. 2021-ൽ യുഡിഎഫ് വെറും 41 സീറ്റുകളിൽ ഒതുങ്ങിയപ്പോൾ ലീഗിന് ലഭിച്ചത് 15 സീറ്റുകൾ മാത്രമായിരുന്നു. എന്നാൽ 2026-ൽ സീറ്റുകളുടെ എണ്ണം 22 ആയി ഉയർത്തിക്കൊണ്ട് ഭരണത്തിലേക്കുള്ള വഴിയിൽ കോൺഗ്രസിന് കരുത്തുറ്റ പിന്തുണ നൽകാൻ ലീഗിന് സാധിച്ചു. യുഡിഎഫിലെ കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും നിർണ്ണായക ശക്തിയായി ലീഗ് മാറിയെന്ന് ഈ ഫലം അടിവരയിടുന്നു.



