തിരികെയെത്തും കൊടുങ്കാറ്റുപോലെ… രണ്ടുതവണ ഭരിച്ചതുകൊണ്ട് മാറ്റിയതോ?…. വോട്ടർമാരുടെ ചിന്ത അരാഷ്ട്രീയമെന്ന് സ്വരാജ്…. പിഴവുകൾ തിരുത്തി മുന്നോട്ടെന്ന് സി.പി.എം നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ കനത്ത പരാജയത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. എൽ.ഡി.എഫിന് സംഭവിച്ചത് അനർഹമായ പരാജയമാണെന്നും എന്നാൽ ജനവിധി മാനിച്ചു കൊണ്ട് തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

എൽ.ഡി.എഫ് ഭരണത്തിൽ നാടിന് സമഗ്രമായ മുന്നേറ്റമുണ്ടായിട്ടും തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് നിർഭാഗ്യകരമാണ്. കേരളത്തിന്റെ ഭാവിയോ ജനങ്ങളെ ബാധിക്കുന്ന ഗൗരവമായ പ്രശ്നങ്ങളോ വോട്ടർമാർ പരിഗണിച്ചില്ലെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു. “രണ്ടുതവണ ഇവർ ഭരിച്ചല്ലോ, ഇനി അടുത്തവർ ഭരിക്കട്ടെ” എന്ന ഉദാസീനവും അരാഷ്ട്രീയവുമായ ചിന്ത വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. 10 വർഷം മുൻപുള്ള കേരളത്തെ പലരും മറന്നുപോയെന്നും അദ്ദേഹം കുറിപ്പിൽ സൂചിപ്പിക്കുന്നു.

ഇടതുപക്ഷത്തിന്റെ ചെറിയ കുറവുകൾ പോലും പൊറുക്കാനാവില്ലെന്ന് ജനങ്ങൾ ചിന്തിക്കുന്നതിൽ തെറ്റില്ല. യാതൊരു ദുരഭിമാനവുമില്ലാതെ തിരുത്തേണ്ടവയെല്ലാം തിരുത്താൻ പാർട്ടി തയ്യാറാകും. കനത്ത പരാജയങ്ങളിൽ നിന്ന് മഹാവിജയങ്ങളിലേക്ക് പറന്നുയർന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ആയിരം ശരികൾക്കിടയിൽ അര തെറ്റെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും ‘കൊടുങ്കാറ്റുപോലെ തിരികെയെത്തും’ എന്നും സ്വരാജ് കുറിച്ചു.

Related Articles

Back to top button