വിഴിഞ്ഞത്ത് കപ്പലിൽ നിന്ന് കപ്പലിലേക്ക് ഇന്ധനമൊഴുകി…. ആദ്യ ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ് സൂപ്പർ ഹിറ്റ്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായി കടലിൽ വെച്ച് കപ്പലിൽ നിന്നും കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്ന ‘ഷിപ്പ് ടു ഷിപ്പ് ബങ്കറിംഗ്’ വിജയകരമായി പൂർത്തിയാക്കി. വിഴിഞ്ഞം തീരത്ത് കസ്റ്റഡിയിലുള്ള ‘എം.വി. സോളിസ്’ എന്ന വിദേശ കപ്പലിനാണ് ഇന്ധനം കൈമാറിയത്. തിരുവനന്തപുരം ആസ്ഥാനമായുള്ള ജിയോ മാക്സ് ഷിപ്പിംഗ് സർവീസസാണ് ഈ ദൗത്യം നിർവ്വഹിച്ചത്.
കൊച്ചിയിൽ നിന്നും 1,20,000 ലിറ്റർ ഇന്ധനവുമായി എത്തിയ ‘എം.ടി. ജനീസസ്’ എന്ന കപ്പൽ മുഖേനയാണ് ബങ്കറിംഗ് നടത്തിയത്. രാവിലെ 9 മണിയോടെ ആരംഭിച്ച നടപടികൾ വെറും മുക്കാൽ മണിക്കൂർ കൊണ്ട് വിജയകരമായി പൂർത്തിയാക്കി. ഉച്ചയ്ക്ക് 12.45-ഓടെ ഇന്ധനം എത്തിച്ച കപ്പൽ മടങ്ങി. ധ്വനി എന്ന ടഗ്ഗിന്റെ അസിസ്റ്റന്റ് മറൈൻ എൻജിനീയർ ശ്രീകുമാറാണ് സാങ്കേതിക നടപടികൾക്ക് നേതൃത്വം നൽകിയത്. ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതിനെ തുടർന്ന് മാർച്ച് 9 മുതൽ വിഴിഞ്ഞത്ത് തടഞ്ഞിട്ടിരിക്കുകയാണ് ‘എം.വി. സോളിസ്’. കപ്പലിലെ ഇന്ധനം പൂർണ്ണമായും തീരാറായതോടെ എൻജിൻ പ്രവർത്തനം നിലയ്ക്കുമെന്ന ആശങ്കയിലായിരുന്നു അധികൃതർ.
കപ്പൽ ക്യാപ്റ്റന്റെ അടിയന്തര സന്ദേശത്തെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗിന്റെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഇന്ധനം എത്തിച്ചു നൽകിയത്. വിയറ്റ്നാം സ്വദേശികളായ 20 ജീവനക്കാരാണ് നിലവിൽ ഈ കപ്പലിലുള്ളത്. അപകടവുമായി ബന്ധപ്പെട്ട് കൊച്ചി മെർക്കന്റൈൽ മറൈൻ വകുപ്പിന്റെ ഉത്തരവുള്ളതിനാൽ കപ്പലിന് വിഴിഞ്ഞം വിട്ടുപോകാൻ അനുമതിയില്ല. തുറമുഖത്തിന്റെ പ്രവർത്തനക്ഷമത തെളിയിക്കുന്നതാണ് ഈ വിജയം. ഭാവിയിൽ കൂടുതൽ വിദേശ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാൻ (ബങ്കറിംഗ്) വിഴിഞ്ഞം തിരഞ്ഞെടുക്കപ്പെടാൻ ഇത് വഴിയൊരുക്കും.



