നെയ്യാറ്റിൻകരയിൽ കോൺഗ്രസ് സ്ഥാനാർഥി എൻ ശക്തന് വിജയം

2026 നിയമസഭ തെരഞ്ഞെടുപ്പിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എൻ ശക്തന് വിജയം. 6966 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സ്ഥാനാർഥി വിജയിച്ചത്. പ്രധാന എതിരാളിയായിരുന്ന എൽഡിഎഫിന്റെ അൻസലൻ 51794 വോട്ടും ബിജെപിയുടെ ചെങ്കൽ രാജശേഖരൻ 21858 വോട്ടും നേടി.
അതേസമയം, കേരളത്തിൽ യുഡിഎഫിന് ചരിത്രപരമായ വിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം നേരിട്ടുകൊണ്ടിരുന്ന ജനവിരുദ്ധ ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
‘അഭൂതപൂർവ്വമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.കേരളത്തിലെ ജനങ്ങൾ മധുരഭാഷയിൽ പ്രതികാരം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരുപാട് പരിശ്രമങ്ങൾ പിണറായി സർക്കാർ നടത്തുകയുണ്ടായി. എന്നാൽ ആ പരിശ്രമം അവർക്ക് വിനാശകരമായി മാറുന്ന ചിത്രമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്’- കെ.സി. വേണുഗോപാൽ പറഞ്ഞു.



