കാഞ്ഞിരപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് 56345 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി റോണി കെ. ബേബിയ്ക്ക് വിജയം. കടുത്ത മത്സരമാണ് കാഞ്ഞിരപ്പള്ളിയിൽ നടന്നത്. 56345 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് റോണി കെ. ബേബി വിജയത്തിലേക്ക് എത്തിയത്. കഴിഞ്ഞ മൂന്ന് നിയസഭ തെരഞ്ഞെടുപ്പിലും എൽഡിഎഫ് തേരോട്ടമാണ് കാഞ്ഞിരപ്പള്ളിയിൽ കണ്ടത്. എന്നാൽ ഇക്കുറി അത് തിരുത്തി കുറിച്ചിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി എൻ. ജയരാജ് 50683 വോട്ടുകളും ബിജെപി സ്ഥാനാർഥി ജോർജ് കുര്യൻ 26760 വോട്ടുകളും നേടി.
കാഞ്ഞിരപ്പള്ളി കോട്ടയം ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും, കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്.
പാരമ്പര്യമായി യുഡിഎഫ് ചായ്‌വുള്ള മണ്ഡലമാണെങ്കിലും കൃത്യമായ ഇടവേളകളിൽ തിരുത്തലുകൾ നടത്താൻ കാഞ്ഞിരപ്പള്ളി മടിക്കാറില്ല എന്ന് മുൻ തെരഞ്ഞെടുപ്പിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാണ്. ന്യൂനപക്ഷ ക്രൈസ്തവ വോട്ടുകൾ പ്രതിഫലിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ എൻ. ജയരാജ് 13,703 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഹാട്രിക് ജയം നേടിയിരുന്നു.
2006-ൽ അൽഫോൻസ് കണ്ണന്താനം ഇടത് സ്വതന്ത്രനായി ജയിച്ച ചരിത്രവും കാഞ്ഞിരപ്പള്ളിക്കുണ്ട്. സാമുദായിക ഘടകങ്ങളും, വികസനം, പ്രധാന വ്യാപാരമായ റബ്ബറിന്റെ താങ്ങു വിലയും കർഷകർക്കുള്ള സർക്കാർ സഹായങ്ങൾ തെരഞ്ഞെടുപ്പിലെ വാഗ്ദാനങ്ങൾ തുടങ്ങിയവ ഇത്തവണ മണ്ഡലത്തിൽ ചർച്ചാവിഷയമായിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥിയായി എൽഡിഎഫ് മുന്നണിയിൽ മത്സരിച്ച ഡോ. എൻ ജയരാജ് 60,299 വോട്ടുകളാണ് നേടിയിരുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. വാഴയ്ക്കന് 46,596 വോട്ടുകൾ ലഭിച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അൽഫോൻസ് കണ്ണന്താനം 29,157 വോട്ടുകളുമായി മൂന്നാം സ്ഥാനത്തും എത്തിയിരുന്നു.
അതേസമയം കേരളത്തിൽ യുഡിഎഫിന് ചരിത്രപരമായ വിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിച്ച് കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനം നേരിട്ടുകൊണ്ടിരുന്ന ജനവിരുദ്ധ ഭരണത്തിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
‘അഭൂതപൂർവ്വമായ വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു. കഴിഞ്ഞ പത്തുവർഷക്കാലത്തെ ദുഷിച്ച ഭരണത്തിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്.കേരളത്തിലെ ജനങ്ങൾ മധുരഭാഷയിൽ പ്രതികാരം ചെയ്തു. തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കേരളത്തിലെ ജനങ്ങളെ സ്വാധീനിക്കാനുള്ള ഒരുപാട് പരിശ്രമങ്ങൾ പിണറായി സർക്കാർ നടത്തുകയുണ്ടായി. എന്നാൽ ആ പരിശ്രമം അവർക്ക് വിനാശകരമായി മാറുന്ന ചിത്രമാണ് തിരഞ്ഞെടുപ്പിൽ കണ്ടത്’- കെ.സി. വേണുഗോപാൽ പറഞ്ഞു.



