എൻഡിഎ ടിക്കറ്റിലും പരാജയമുറപ്പിച്ച് പത്മജ വേണുഗോപാൽ; 13419 വോട്ടുകൾക്ക് പിന്നിൽ

തൃശൂർ: എട്ടുനിലയിൽ പൊട്ടി തൃശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ. ഇതേമണ്ഡലത്തിൽ ഇവർ പരാജയപ്പെടുന്നത് മൂന്നാമത്തെ തവണയാണ്. വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ കോൺഗ്രസിലെ രാജൻ ജെ. പല്ലന് 32559 വോട്ട് ലഭിച്ചു. പത്മജക്ക് 19140 വോട്ട് മാത്രമാണ് ലഭിച്ചത്. 13419 വോട്ടിന് പിന്നിലാണിവർ. സി.പി.ഐ സ്ഥാനാർഥി ആലങ്കോട് ലീലാകൃഷ്ണൻ 19569 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്. മുൻ തൃശ്ശൂർ മേയർ രാജൻ പല്ലനാണ് കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്.
2021ൽ കോൺഗ്രസ് സഥാനാർഥിയായി പത്മജ വേണുഗോപാൽ മത്സരിച്ച സീറ്റാണിത്. അന്ന് ശക്തമായ ത്രികോണ മൽസരം നടന്ന തൃശ്ശൂരിൽ 946 വോട്ടിനാണ് പത്മജ തോറ്റത്. പിന്നീട് പാർട്ടിവിട്ട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇടതുമുന്നണിയിലെ പി ബാലചന്ദ്രനായിരുന്നു അന്ന് വിജയം. സുരേഷ് ഗോപിയായിരുന്നു ബിജെപി. എൽ.ഡി.എഫ് 34.25 ശതമാനം വോട്ടും യുഡിഎഫ് 33.52 ശതമാനം വോട്ടും എൻഡിഎ 31.3 ശതമാനം വോട്ടും പിടിച്ചു.
2016 ൽ ഇതേ മണ്ഡലത്തിൽ വി എസ് സുനിൽകുമാർ 6987 വോട്ടിനാണ് പത്മജാ വേണുഗോപാലിനെ പരാജയപ്പെടുത്തിയത്. ലീഡർ കെ. കരുണാകരൻറെ തട്ടകമായിരുന്ന തൃശ്ശൂരിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും തോറ്റ മകൾ പത്മജ വേണുഗോപാൽ, ഇത്തവണ എൻഡിഎ ടിക്കറ്റിലും പരാജയപ്പെടുകയാണ്. 2025 അവസാനം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡല പരിധിയിൽ യുഡിഎഫ് ലീഡ് 9966 ലെത്തിയിരുന്നു.



