നാട്ടിലെ മാന്യൻ, പക്ഷേ കള്ളൻ…. 150-ലധികം മോഷണക്കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ….

കൽപ്പറ്റ: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയ മാന്യൻ, പക്ഷേ 150-ലധികം മോഷണക്കേസുകളിലെ പ്രതി! വയനാട്ടിലെ വീട്ടിൽ നിന്ന് ഒൻപത് പവൻ സ്വർണാഭരണങ്ങൾ മോഷണം പോയ കേസ് അന്വേഷിച്ചെത്തിയ പോലീസിനെപ്പോലും അമ്പരപ്പിച്ച സംഭവമാണ് കൽപ്പറ്റ ഗ്രാമത്തുവയലിൽ നിന്നും പുറത്തുവരുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി 150-ലധികം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ ആലക്കോട് സ്വദേശി കെ.യു. മുഹമ്മദ് (46), കൂട്ടാളി പുൽപ്പള്ളി പാടച്ചിറ സ്വദേശി കെ.ടി. ജോസ് (72) എന്നിവരാണ് ഒടുവിൽ പോലീസ് പിടിയിലായത്.
ഏപ്രിൽ 24-ന് പുലർച്ചെയാണ് ഇവർ ഗ്രാമത്തുവയലിലെ വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്നത്. ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ വലയിലാക്കിയത്. പതിനെട്ടാം വയസ്സിൽ മോഷണലോകത്തേക്ക് കടന്ന മുഹമ്മദിന്റെ രീതികൾ വളരെ വ്യത്യസ്തവും സൂക്ഷ്മവുമായിരുന്നു. അടച്ചിട്ട വീടുകളെക്കുറിച്ചുള്ള വിവരങ്ങൾ കൂട്ടാളി ജോസ് മുഹമ്മദിന് കൈമാറും. തുടർന്ന് ആളില്ലെന്ന് ഉറപ്പുവരുത്തിയാണ് മോഷണം. ക്യാമറകളിൽ കുടുങ്ങാതിരിക്കാൻ കണ്ണുകൾ ഒഴികെയുള്ള ശരീരഭാഗങ്ങൾ പൂർണ്ണമായും മറയ്ക്കുന്നതായിരുന്നു ഇയാളുടെ രീതി.
ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ, ഒരാഴ്ചയോളം പ്രതിയുടെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. തുടർന്ന്, മഴക്കാലപൂർവ്വ പരിശോധനയുടെ ഭാഗമായി നാട്ടിലെ ലൈനുകൾ പരിശോധിക്കാനെന്ന വ്യാജേന മഫ്തിയിൽ എത്തിയ പോലീസ് സംഘം മുഹമ്മദിന്റെ വീട്ടിൽ കയറി ഇയാളെ പിടികൂടുകയായിരുന്നു. മുഹമ്മദിനെ ആലക്കോട് പൂവഞ്ചാലിൽ നിന്നും ജോസിനെ മാനന്തവാടി ബോയ്സ് ടൗണിൽ നിന്നും പിന്തുടർന്ന് പിടികൂടി. രണ്ടുകോടിയോളം രൂപ ചെലവഴിച്ച് നിർമ്മിച്ച ആഡംബര വീടാണ് മുഹമ്മദിന്റേത്. ഇവിടെ പ്രത്യേകം നിർമ്മിച്ച രഹസ്യ അറകളിലാണ് മോഷ്ടിച്ച സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. 2017 സെപ്റ്റംബറിലും സമാനമായ കവർച്ചാ കേസിൽ മുഹമ്മദ് കോഴിക്കോട് വെച്ച് അറസ്റ്റിലായിരുന്നു.




