സസ്പെൻഷനിലിരിക്കെ വീണ്ടും നടപടി; എൻ പ്രശാന്ത് ഐഎഎസിന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. അനുമതിയില്ലാതെ മാധ്യമങ്ങളോട് സർക്കാരിനെ വിമർശിച്ച് സംസാരിച്ചതാണ് പുതിയ നടപടി. ഇതോടെ പ്രശാന്തിനെതിരെ സ്വീകരിക്കുന്ന നടപടി എട്ടാം തവണയായി മാറി.
റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്. ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് നൽകുകയും വിശദീകരണം തേടുകയും ചെയ്തു. ഇതിനകം തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത നിലയിലാണ് അദ്ദേഹം തുടരുന്നത്.
ഡോ. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമർശനം ഉയർത്തിയതാണ് പ്രശാന്തിനെതിരെ മുൻപ് നടപടി സ്വീകരിക്കാൻ കാരണമായത്. 2024 നവംബർ 11-നാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അതേ ദിവസം മതാടിസ്ഥാനത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തെ തുടർന്ന് കെ. ഗോപാലകൃഷ്ണനെയും സസ്പെൻഡ് ചെയ്തിരുന്നു.
കേരള സിവിൽ സർവീസ് ചരിത്രത്തിൽ ഒരേ ദിവസം രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത ആദ്യ സംഭവമായിരുന്നു ഇത്. എന്നാൽ പിന്നീട് ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ചപ്പോൾ, പ്രശാന്തിനെതിരായ നടപടി വിവിധ ഘട്ടങ്ങളിലൂടെ തുടരുകയായിരുന്നു.



