മണിയാർ പദ്ധതി… മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും കമ്പനി മാഫിയയെ സഹായിക്കുന്നു…. രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ, കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറാനുള്ള സർക്കാർ തീരുമാനം വലിയ അഴിമതിയുടെ ഭാഗമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി ഏറ്റെടുക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ഇടപെട്ടതിന് പിന്നിൽ രഹസ്യ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
2024 ഡിസംബർ 31-ന് കാർബൊറാണ്ടം കമ്പനിയുടെ ബി.ഒ.ടി (BOT) കരാർ അവസാനിച്ചതാണ്. എന്നാൽ ഉടമസ്ഥാവകാശം കെഎസ്ഇബിക്ക് കൈമാറുന്നതിന് പകരം 14 മാസം കൂടി കമ്പനിക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ സർക്കാർ അനുമതി നൽകി. ഇതിലൂടെ ബോർഡിന് 54 കോടി രൂപയുടെ നഷ്ടമുണ്ടായി. യൂണിറ്റിന് 40 പൈസയിൽ താഴെ ഉൽപ്പാദനച്ചെലവുള്ള വൈദ്യുതി പീക്ക് അവറുകളിൽ 10 മുതൽ 14 രൂപയ്ക്ക് വരെ സ്വകാര്യ കമ്പനികൾക്ക് വിറ്റ് കാർബൊറാണ്ടം കൊള്ളലാഭം ഉണ്ടാക്കുകയാണ്. ഈ സമയത്താണ് കെഎസ്ഇബി പുറത്തുനിന്ന് വൻ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നത്.
പത്തനംതിട്ട കളക്ടറുടെ സാന്നിധ്യത്തിൽ കെഎസ്ഇബി നിലയം ഏറ്റെടുക്കാനിരിക്കെയാണ്, വ്യവസായ മന്ത്രി പി. രാജീവിന്റെ ആവശ്യപ്രകാരം നടപടികൾ നിർത്തിവെക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇത് കമ്പനി മാഫിയകളെ സഹായിക്കാനാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കമ്പനി ജീവനക്കാർ കെഎസ്ഇബി ഉദ്യോഗസ്ഥരെ തടഞ്ഞത് അഴിമതിക്ക് ശക്തി പകരുന്ന നടപടിയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി ഏറ്റെടുക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
12 മെഗാവാട്ട് ഇൻസ്റ്റാൾഡ് കപ്പാസിറ്റിയുള്ള ഈ പദ്ധതിയിൽ നിന്നും മണിക്കൂറിൽ 12,000 യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാകും. ഇത് ബോർഡിന്റെ നിയന്ത്രണത്തിലായാൽ കുറഞ്ഞ ചിലവിൽ സംസ്ഥാനത്തിന് വൈദ്യുതി ലഭ്യമാക്കാമെന്നിരിക്കെയാണ് സർക്കാരിന്റെ പിന്മാറ്റമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.



