മണിയാർ പദ്ധതി ഏറ്റെടുക്കാനുള്ള നീക്കം നിർത്തിവെച്ചു…. കെഎസ്ഇബിക്ക് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം

തിരുവനന്തപുരം: മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള കെഎസ്ഇബിയുടെ നീക്കം സർക്കാർ ഇടപെടലിനെത്തുടർന്ന് നിർത്തിവെച്ചു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം കെഎസ്ഇബി എംഡിക്ക് നൽകിയത്. വ്യവസായ വകുപ്പിന്റെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നടപടി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വ്യവസായ മന്ത്രി പി. രാജീവ് കെഎസ്ഇബിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ഏറ്റെടുക്കൽ പഠിക്കാൻ നിയോഗിച്ച ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുൻപ് ധൃതിപിടിച്ച് നടപടി എടുത്തതാണ് വിമർശനത്തിന് കാരണമായത്.

പദ്ധതിയുടെ കാലാവധി കഴിഞ്ഞതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഏറ്റെടുക്കാനായി എത്തിയെങ്കിലും കാർബൊറാണ്ടം ഉദ്യോഗസ്ഥർ അവരെ തടഞ്ഞിരുന്നു. തുടർന്ന് പൊലീസ് സംരക്ഷണത്തോടെ പദ്ധതി ഏറ്റെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു കെഎസ്ഇബി. കെഎസ്ഇബി തീരുമാനത്തിനെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് സർക്കാർ നടപടികളിൽ നിന്ന് താൽക്കാലികമായി പിന്മാറാൻ തീരുമാനിച്ചത്. ഉപസമിതി റിപ്പോർട്ട് വന്നതിന് ശേഷം മാത്രമായിരിക്കും പദ്ധതിയുടെ ഭാവി കാര്യങ്ങളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുക. വ്യവസായ വകുപ്പും വൈദ്യുതി വകുപ്പും തമ്മിലുള്ള ഭിന്നത ഈ വിഷയത്തിൽ പ്രകടമാണ്.

Related Articles

Back to top button