മോഷണമുതലിൽ ലഹരി പാർട്ടിയും ആഡംബര കാറുകളും…. മഞ്ചേരിയെ വിറപ്പിച്ച 21-കാരൻ കോഴിക്കോട്ട് പിടിയിൽ

മഞ്ചേരി മുള്ളമ്പാറ, അരുകിഴായ മേഖലകളിൽ തുടർച്ചയായി മോഷണം നടത്തി നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പ്രതി പോലീസ് പിടിയിലായി. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടിൽ നിതിനെ (21) ആണ് പ്രത്യേക അന്വേഷണസംഘം കോഴിക്കോട് പാലാഴിയിലെ സ്വകാര്യ അപ്പാർട്ട്‌മെന്റിൽ നിന്ന് സാഹസികമായി പിടികൂടിയത്. ഹൈലൈറ്റ് മാളിന് സമീപത്തെ ഒളിത്താവളത്തിൽ നിന്നാണ് ഇയാൾ വലയിലായത്.

പ്രദേശത്ത് മോഷണം വ്യാപകമായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെയുമാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന അപ്പാർട്ട്‌മെന്റ് പോലീസ് കണ്ടെത്തിയത്. മോഷണം നടത്തി ലഭിക്കുന്ന പണവും സ്വർണ്ണാഭരണങ്ങളും ഉപയോഗിച്ച് വൻ ആഡംബര ജീവിതമാണ് നിതിൻ നയിച്ചിരുന്നത്. ലഹരിക്കടിമയായ പ്രതി, മോഷ്ടിച്ച സ്വർണം വിറ്റു കിട്ടുന്ന പണം ഉപയോഗിച്ച് വിലകൂടിയ വാഹനങ്ങൾ വാടകയ്‌ക്കെടുത്ത് കറങ്ങി നടക്കാറാണ് പതിവ്. കൊച്ചിയിലും കോഴിക്കോട്ടും വൻ തുക നൽകി അപ്പാർട്ട്‌മെന്റുകൾ വാടകയ്‌ക്കെടുത്തും സുഹൃത്തുക്കളെ ഉൾപ്പെടുത്തി ലഹരി പാർട്ടികൾ നടത്തിയും ഇയാൾ പണം ധൂർത്തടിച്ചു.

മഞ്ചേരിയിലെ നിരവധി മോഷണക്കേസുകൾക്ക് ഇയാളുടെ അറസ്റ്റോടെ തുമ്പുണ്ടായതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച ആഭരണങ്ങൾ എവിടെയാണ് വിറ്റതെന്ന് കണ്ടെത്തുന്നതിനും കൂടുതൽ മോഷണങ്ങളിൽ പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയവർക്കായും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button