പിണറായി തീവ്ര വലതുപക്ഷമായി മാറി…. യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വരുമെന്ന് പി.വി. അൻവർ

കണ്ണൂർ: കേരളത്തിലെ ഇടതുപക്ഷം ഇപ്പോൾ തീവ്ര വലതുപക്ഷമായി മാറിയിരിക്കുകയാണെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ. കഴിഞ്ഞ ഒന്നേമുക്കാൽ വർഷമായി താൻ പറയുന്ന ‘പിണറായിസം’ ഈ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാവിഷയമായിട്ടുണ്ടെന്നും, യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മതേതരത്വത്തെ ബലികഴിച്ച് ഫാസിസ്റ്റുകൾക്ക് കേരളത്തിൽ കടന്നുവരാൻ മുഖ്യമന്ത്രി പിണറായി വിജയൻ സൗകര്യമൊരുക്കി. കേന്ദ്ര സർക്കാരുമായി മുഖ്യമന്ത്രിക്ക് രഹസ്യബന്ധമാണുള്ളതെന്നും അൻവർ ആരോപിച്ചു. തൊഴിലാളികൾക്ക് വേണ്ടി സംസാരിക്കുമെന്ന് കരുതിയ പാർട്ടി ഇപ്പോൾ ‘സർവ്വലോക മുതലാളിമാരേ കേരളത്തിലേക്ക് വരൂ’ എന്ന നിലപാടിലേക്ക് മാറി. രണ്ടാമത് അധികാരത്തിൽ വന്നതോടെ പിണറായിസം പൂർണ്ണമായും മുതലാളിത്ത കേന്ദ്രീകൃതമായ ഭരണമായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ഇത്തവണ അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തിന് താഴെ പോകുമെന്നും അവിടെ പിണറായിയുടെ അവസ്ഥ ‘ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും’ എന്നതാകുമെന്നും അൻവർ പരിഹസിച്ചു.

പിണറായി വിജയന് മൂന്നാമൂഴം നൽകിയാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ച പൂർണ്ണമാകുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭരണവിരുദ്ധ വികാരത്തേക്കാൾ ഉപരിയായി കേരളത്തിലുടനീളം ശക്തമായ ‘പിണറായി വിരുദ്ധത’ നിലനിൽക്കുന്നുണ്ടെന്നും ഇത് യുഡിഎഫിനെ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. എട്ടര വർഷം താൻ ഇടതുപക്ഷത്തിനൊപ്പം നിന്നത് അവരുടെ പഴയ നിലപാടുകൾ കണ്ടാണ്, എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button