വാൽപ്പാറ അപകടം…. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം…. തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: വാൽപ്പാറ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്ന് രാവിലെ ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്. അപകടത്തിൽപ്പെട്ടവർക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടോ എന്ന് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാകും സഹായധനം കൈമാറുക.
അപകടത്തിന്റെ പശ്ചാത്തലവും ഇരകളുടെ സാമ്പത്തിക സ്ഥിതിയും പരിഗണിച്ചാകും സർക്കാർ തുടർനടപടികൾ സ്വീകരിക്കുക. തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ചേർന്ന ഈ മന്ത്രിസഭാ യോഗം ഭരണപരമായ സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാനാണ് മുൻഗണന നൽകിയത്. ശമ്പള പരിഷ്കരണ കമ്മീഷനിലേക്ക് ആവശ്യമായ സ്റ്റാഫ് നിയമനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിച്ച മന്ത്രിമാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ വിജയാശംസകളും നേർന്നു.



