ബെംഗളൂരു മതിൽ ദുരന്തം….. രണ്ട് എൻജിനീയർമാർക്ക് സസ്പെൻഷൻ…. നടപടിയുമായി സര്‍ക്കാര്‍

ബെംഗളൂരു: ബൗറിങ് ആശുപത്രിയുടെ ചുറ്റുമതിൽ തകർന്ന് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർ മരിച്ച സംഭവത്തിൽ കർശന നടപടിയുമായി കർണാടക സർക്കാർ. ഗുരുതരമായ വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എൻജിനീയറെയും അസി. എക്സിക്യൂട്ടീവ് എൻജിനീയറെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ബെംഗളൂരു സിറ്റി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണത്തിനും ഉത്തരവിട്ടു.

ബലക്ഷയമുണ്ടായിരുന്ന ആശുപത്രി മതിൽ നവീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ കാലതാമസമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട ആശുപത്രി സൂപ്രണ്ടിനും സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് കർണാടക സർക്കാർ 5 ലക്ഷം രൂപയും മന്ത്രി സമീർ അഹമ്മദ് വ്യക്തിപരമായി 5 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയും ധനസഹായം ലഭിക്കും. അപകടത്തിൽ മരിച്ച രണ്ട് കുടുംബശ്രീ പ്രവർത്തകരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ നടന്നു. പരിക്കേറ്റ് ചികിത്സയിലുള്ള മൂന്ന് മലയാളികളിൽ സിജിയുടെ ശസ്ത്രക്രിയ പൂർത്തിയായ ശേഷം മാത്രമേ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമാകൂ.

അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചെലവുകളും സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി സമീർ അഹമ്മദ് ഉറപ്പുനൽകി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ നടപടികളുണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button