ഉദയംപേരൂർ പുന്നച്ചാലിൽ പാടത്ത് നടൻ ശ്രീനിവാസന് നാടി​ന്റെ സ്നേഹസ്മരണ; സ്മാരക സ്തൂപം പണിതു

ഉദയംപേരൂർ കണ്ടനാട് പുന്നച്ചാലിൽ പാടശേഖരത്തിൽ നടൻ ശ്രീനിവാസന് സ്മാരകം പണിത് ലയൺസ് ക്ലബ്. ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 4.30-ന് സിനിമാതാരം സിദ്ദിഖ് നിർവഹിക്കും. കൃഷിയെ സ്നേഹിക്കുകയും ഏറെക്കാലം ഈ പാടത്ത് ജൈവകൃഷി ചെയ്യുകയുംചെയ്ത ആളാണ് ശ്രീനിവാസൻ. അദ്ദേഹത്തോടുള്ള നാടിന്റെ സ്നേഹസ്മരണയാണ് നെൽപ്പാടത്തെ സൂര്യകാന്തി തോട്ടത്തിനിടയിലെ ഈ സ്മാരകം.

നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്ന ശ്രീനിവാസന്റെ സ്മരണകൾ ഇരമ്പുന്നതാണ് ഉദയംപേരൂർ കണ്ടനാട്ടെ പുന്നച്ചാലിൽ പാടശേഖരം. മാസങ്ങൾക്കു മുൻപുവരെ നെല്ല് നിറഞ്ഞുനിന്ന പാടത്ത് ഇപ്പോൾ വിവിധയിനം പച്ചക്കറികളാണ് കൃഷിചെയ്യുന്നത്. എല്ലാം ജൈവകൃഷിതന്നെ. അതോടൊപ്പം കാഴ്ചഭംഗിയേകി സൂര്യകാന്തിപ്പൂക്കളും ജമന്തിപ്പൂക്കളും ഉണ്ട്. 15 ഏക്കറിലായിട്ടാണ് പച്ചക്കറികൃഷി ഉള്ളത്.

പാടശേഖരത്ത് സ്ഥാപിക്കാനായി ഗ്രാനൈറ്റിൽ ശ്രീനിവാസന്റെ ചിത്രം കൊത്തിയ സ്തൂപം തയ്യാറാക്കിക്കഴിഞ്ഞു. ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ സൗത്തിന്റെ ആഭിമുഖ്യത്തിലാണ് ശ്രീനിവാസന് സ്മാരകം ഒരുക്കിയിരിക്കുന്നത്. അതിനായി ഒരു സെൻറ് സ്ഥലം വിട്ടുനൽകിയിരിക്കുന്നത് ശ്രീനിവാസനോടൊപ്പം കൃഷിക്ക് എന്നും കൂടെയുണ്ടായിരുന്ന മനു ഫിലിപ്പ് തുകലൻ ആണ്.

15 വർഷം മുൻപാണ് ഗ്രാമീണമേഖലയായ ഉദയംപേരൂരിലെ കണ്ടനാടിൽ 40 സെൻറ് വാങ്ങി ശ്രീനിവാസൻ വീടുപണിത് താമസമാക്കിയത്. തൊട്ടുചേർന്നുതന്നെയാണ് പുന്നച്ചാലിൽ പാടശേഖരം. 35 വർഷമായി തരിശായിക്കിടക്കുകയായിരുന്ന ഈ പാടശേഖരത്ത് ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു ജൈവരീതിയിൽ നെൽകൃഷി പുനഃരാരംഭിച്ചത്. പിന്നീട് പാടശേഖരത്ത് കൃഷി നിലച്ചിട്ടില്ല. ഓരോവർഷവും നെൽകൃഷി കൂടിക്കൊണ്ടേയിരുന്നു.

പാടം കുറേശ്ശെ പാട്ടത്തിനെടുത്ത് അദ്ദേഹം തുടങ്ങിയ നെൽകൃഷി പിന്നീട് 102 ഏക്കർ വരെയായി. മറ്റുപ്രദേശങ്ങളിലും കൃഷി വ്യാപിക്കാൻ ശ്രീനിവാസന്റെ ഇടപെടലിലൂടെ കഴിഞ്ഞിരുന്നു.

Related Articles

Back to top button