സർവീസിൽ നിന്ന് വിരമിക്കാൻ മണിക്കൂറുകൾ മാത്രം…. ഡോ. ലിസി മാത്യുവിനെതിരെ നടപടിയുമായി വിസി, കാലടിയിൽ പ്രതിഷേധം

എറണാകുളം: കാലടി സംസ്കൃത സർവകലാശാല പരീക്ഷാ കൺട്രോളറും സീനിയർ പബ്ലിക്കേഷൻസ് ഓഫീസറുമായിരുന്ന ഡോ. ലിസി മാത്യുവിനെതിരെ നടപടിയുമായി വൈസ് ചാൻസിലർ ഡോ. സിസ തോമസ്. 31 വർഷത്തെ സേവനത്തിന് ശേഷം ലിസി മാത്യു വിരമിക്കുന്ന ദിവസം തന്നെ ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചുമതലകളിൽ നിന്ന് നീക്കുകയും ചെയ്തത് സർവകലാശാലയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ലിസി മാത്യുവിനെതിരെ രണ്ട് പ്രധാന ആരോപണങ്ങളാണ് വിസി ഉയർത്തിയിരിക്കുന്നത്. ചട്ടമ്പി സ്വാമികളുടെ ജീവചരിത്രം അച്ചടിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്രമക്കേട് നടന്നുവെന്ന ആരോപണം. പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥിയെ വിജയിപ്പിച്ചുവെന്ന കണ്ടെത്തൽ. ഈ വിഷയങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വിസി കുറ്റപത്രം സമർപ്പിച്ചതും പ്രധാന പദവികളിൽ നിന്ന് ലിസി മാത്യുവിനെ മാറ്റിയതും. വിരമിക്കൽ ദിനത്തിലെ നടപടിക്കെതിരെ ഡോ. ലിസി മാത്യു രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
31 വർഷത്തെ സത്യസന്ധമായ സേവനത്തിന് എനിക്ക് ലഭിച്ച പ്രതിഫലമാണിത്. സിസ തോമസ് വിസിയായി വന്ന ശേഷം സർവകലാശാലയിൽ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. ഞാൻ സീനിയർ പ്രൊഫസറാണ്, സ്ഥിരം വിസിയാകാൻ യോഗ്യതയുള്ള ആളാണ്. അതുകൊണ്ടാകാം എന്നെ ബോധപൂർവ്വം ഉന്നം വയ്ക്കുന്നത് എന്ന് ലിസി മാത്യു പ്രതികരിച്ചു. ലിസി മാത്യുവിനെതിരെയുള്ള നടപടി അകാരണമാണെന്ന് ആരോപിച്ച് ഇടത് അധ്യാപക സംഘടനയായ എഎസ്‍എസ്‍യുടി രംഗത്തെത്തി. വിസിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും വിരമിക്കൽ ദിവസം അപമാനിക്കാനാണ് നീക്കം നടന്നതെന്നും ആരോപിച്ച് അധ്യാപകർ പ്രതിഷേധ പ്രകടനം നടത്തി.



