കോഴിക്കോട് എസ്ഐയും സൈനികനും തമ്മിൽ പോര്… പൊലീസ് പരാതി വ്യാജമെന്ന് സൈനികൻ…. ഡിജിപിക്ക് പരാതി നൽകി

കോഴിക്കോട്: മെഡിക്കൽ കോളേജ് ഗ്രേഡ് എസ്ഐ അനിൽകുമാറും കുടുംബവും ആക്രമിക്കപ്പെട്ടെന്ന പരാതിയിൽ മറുപരാതിയുമായി സൈനിക ഉദ്യോഗസ്ഥൻ. എസ്ഐ നൽകിയ പരാതി വ്യാജമാണെന്നും തന്റെ പദവി ദുരുപയോഗം ചെയ്താണ് കേസ് ഫയൽ ചെയ്തതെന്നും ആരോപിച്ച് ഉത്തർപ്രദേശിലെ 194 മീഡിയം റെജിമെന്റിലെ ഹവിൽദാർ പി.കെ. പ്രജിത്താണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്താൻ ഡിജിപി നിർദേശം നൽകി.

ചെറുകുളത്ത് വെച്ച് എസ്ഐ അനിൽ കുമാർ സഞ്ചരിച്ച സ്വകാര്യ വാഹനം ഗതാഗത തടസ്സമുണ്ടാക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് സൈനികൻ പറയുന്നു. തടസ്സം ഒഴിവാക്കാൻ എസ്ഐയോട് വാഹനം പുറകോട്ട് എടുക്കാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിന് കാരണമായത്. എന്നാൽ എസ്ഐ തന്റെ സ്വാധീനം ഉപയോഗിച്ച് തനിക്കും സുഹൃത്തുക്കൾക്കുമെതിരെ കള്ളക്കേസ് നൽകുകയായിരുന്നുവെന്ന് സൈനികന്റെ പരാതിയിൽ പറയുന്നു. വാഹനം തടഞ്ഞുനിർത്തി ആക്രമിച്ചെന്നും മകളുടെ ഒരു പവന്റെ സ്വർണാഭരണം മോഷ്ടിച്ചെന്നുമാണ് അനിൽ കുമാർ നൽകിയ പരാതി. ഈ കേസിൽ എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത് അന്വേഷണം നടത്തിവരികയാണ്.

എസ്ഐയുടെ പരാതിയിലെ സ്വർണ്ണമോഷണം ഉൾപ്പെടെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് സൈനികൻ ഉറച്ചുനിൽക്കുന്നത്. സൈനികന്റെ പരാതി അതീവ ഗൗരവത്തോടെയാണ് ഡിജിപി കാണുന്നത്. പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Back to top button