രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി… കോടതി മെയ് 14-ലേക്ക് മാറ്റി

തിരുവനന്തപുരം: പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മെയ് 14-ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘമാണ് കോടതിയെ സമീപിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച വാർത്തകൾ രാഹുലിന്റെ അറിവോടെയാണെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നുമാണ് എസ്.ഐ.ടി കോടതിയിൽ അറിയിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് രണ്ടാം തവണയാണ് അന്വേഷണ സംഘം കോടതിയെ സമീപിക്കുന്നത്. 2023-ൽ ഒരു ഹോംസ്റ്റേയിൽ വെച്ച് പീഡനം നടന്നുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഈ കേസിലാണ് നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യത്തിലുള്ളത്.
നേരത്തെ ഹർജി പരിഗണിച്ച കോടതി കൂടുതൽ വാദത്തിനായി മെയ് 14-ലേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ കോടതിയുടെ കണ്ടെത്തൽ നിർണ്ണായകമാകും.



