പോളിങ് ഉദ്യോഗസ്ഥർക്ക് ഇനി പോസ്റ്റൽ വോട്ടില്ല…. ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി… കമ്മീഷന് കടുത്ത വിമർശനം

കൊച്ചി: വോട്ടെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് വീണ്ടും അവസരം നൽകണമെന്ന ഹർജി ഹൈക്കോടതി തള്ളി. സ്ട്രോങ്ങ് റൂമുകൾ സീൽ ചെയ്ത സാഹചര്യത്തിൽ ഇനി ബാലറ്റുകൾ അനുവദിക്കാനാകില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം കോടതി അംഗീകരിച്ചു. എൻജിഒ യൂണിയൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
വോട്ട് നിഷേധിക്കപ്പെട്ടത് സംബന്ധിച്ച പരാതികൾ റിട്ട് ഹർജിയായല്ല, മറിച്ച് തിരഞ്ഞെടുപ്പ് ഹർജിയായാണ് (Election Petition) സമർപ്പിക്കേണ്ടതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടതി കടുത്ത വിമർശനം ഉന്നയിച്ചു. “20,000 ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ല എന്നത് ഗുരുതരമായ അവസ്ഥയാണ്. ഓരോ പൗരനും വോട്ട് ഉറപ്പാക്കേണ്ടത് കമ്മീഷന്റെ കടമയല്ലേ?” എന്ന് കോടതി ചോദിച്ചു. വോട്ട് നൽകില്ലെന്ന കമ്മീഷന്റെ പിടിവാശി നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു. റൂൾ 27 പ്രകാരം ഇനി വോട്ടവകാശം നൽകാൻ കഴിയില്ലെന്നും, ഹർജിക്കാർ കൃത്യമായി ഫോമുകൾ സമർപ്പിച്ചിരുന്നില്ലെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
സർക്കാർ ജീവനക്കാരായ മുഹമ്മദ് സിനാൻ, എം.ജി. അനിൽ കുമാർ എന്നിവരാണ് തങ്ങൾക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ജോലി ചെയ്ത ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്ക് ഇതോടെ വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്.



