കാണാതായ 13 കാരിയെ കണ്ടെത്താനായില്ല… സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം, സഹായം തേടി പൊലീസ്

കൊച്ചി: എറണാകുളം കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 13 വയസ്സുകാരി ഫാത്തിമത്തൂൽ നിഹാലെക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കരിമുകൾ സ്വദേശി അഫ്സലിന്റെ മകളെ കാണാതായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അമ്പലമേട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് നിഹാലെയെ കാണാതായത്. രാത്രി വൈകിയും ഉറങ്ങാത്തതിന് മാതാവ് മൊബൈൽ ഫോൺ വാങ്ങി വെച്ചതിൽ കുട്ടിക്ക് വിഷമമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടിലെ വാതിലും ഗേറ്റും തുറന്നിട്ട നിലയിൽ കാണപ്പെട്ടത്. കുട്ടി രാത്രിയിൽ കരിമുകൾ ജംഗ്ഷൻ വരെ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കയ്യിൽ വസ്ത്രങ്ങൾ അടങ്ങിയ ബാഗുമുണ്ടായിരുന്നു. പച്ച ടീ ഷർട്ടും പാന്റ്സുമാണ് കാണാതായ സമയത്ത് ധരിച്ചിരുന്നത്. ജംഗ്ഷന് ശേഷമുള്ള കുട്ടിയുടെ യാത്രയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. സമീപപ്രദേശങ്ങളിലെ കൂടുതൽ സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും എല്ലാ സ്റ്റേഷനുകളിലേക്കും റെയിൽവേ, ബസ് സ്റ്റാൻഡ് കേന്ദ്രങ്ങളിലേക്കും കൈമാറിയിട്ടുണ്ട്.



