ബെംഗളൂരു മതിൽ തകർച്ച… കെ.സി. വേണുഗോപാൽ കർണാടക മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി…. കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരുവിൽ കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിക്കാനിടയായ സംഭവത്തിൽ കെ.സി. വേണുഗോപാൽ എം.പി. കർണാടക മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

അപകടത്തിൽ പരിക്കേറ്റവർക്ക് ലഭ്യമായ എല്ലാ ചികിത്സയും മറ്റു സൗകര്യങ്ങളും നൽകാനും, മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കാനും എം.പി. കർണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. തുടർന്ന് സംസ്ഥാനത്ത് ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. വിനോദയാത്രയ്ക്കെത്തിയ എറണാകുളം രാമമംഗലം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ച മലയാളികൾ. മഴ പെയ്തപ്പോൾ രക്ഷയ്ക്കായി ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുമ്പോഴായിരുന്നു റോഡിനോട് ചേർന്നുള്ള ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ ഏഴുപേരാണ് മരിച്ചത്.

അമൃതം പൊടി നിർമ്മാണ യൂണിറ്റിലെ അംഗങ്ങളടങ്ങിയ 56 അംഗ കുടുംബശ്രീ സംഘമാണ് യാത്രയിലുണ്ടായിരുന്നത്. പർച്ചേസിനായാണ് ഇവർ ശിവാജി നഗറിലെത്തിയത്. പരിക്കേറ്റ മൂന്ന് മലയാളികളുടെയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും, പരിക്കേറ്റവർക്ക് തുടർചികിത്സ ഉറപ്പാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button