അഡൂരിൽ കൗതുകവും ആശങ്കയും… മേശവലിപ്പിൽ സ്വർണമോതിരം കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തി

കാസർകോട്: അഡൂരിൽ രണ്ടാഴ്ചയോളം തുറക്കാതെ കിടന്ന മേശവലിപ്പിൽ സ്വർണമോതിരം കുടുങ്ങിയ നിലയിൽ പാമ്പിനെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലാണ് സംഭവം. വനംവകുപ്പിന്റെ സർപ്പ വളണ്ടിയർമാരെത്തിയാണ് പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റിയത്. ബുധനാഴ്ച രാവിലെ രവിയുടെ ഭാര്യ ശൈലജ ബാങ്കിലേക്ക് പോകുന്നതിനായി രേഖകൾ എടുക്കാൻ മേശവലിപ്പ് തുറന്നപ്പോഴാണ് പാമ്പിന്റെ വാൽ കണ്ടത്. വീട്ടിൽ കുട്ടികളുള്ളതിനാൽ എല്ലാവരും പരിഭ്രാന്തരായി. തുടർന്ന് ഇത് ചേരയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ആശങ്കയകറ്റാൻ മേശവലിപ്പ് അടച്ച് വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
സർപ്പ വളണ്ടിയർമാരെത്തി മേശ തുറന്നുനോക്കിയപ്പോഴാണ് കടലാസുകൾക്കിടയിൽ പാമ്പിനെ കണ്ടത്. പാമ്പിന്റെ മധ്യഭാഗത്തായി സ്വർണമോതിരം ചുറ്റിയ നിലയിലായിരുന്നു. അച്ഛന്റെ മരണശേഷം സൂക്ഷിച്ചിരുന്ന മോതിരമാണ് ചേരയുടെ ശരീരത്തിൽ കുടുങ്ങിയത്. നാലടിയോളം നീളമുള്ള ചേര മോതിരം കുടുങ്ങിയതിനാൽ അവശനിലയിലായിരുന്നു. തുടർന്ന് സർപ്പ വളണ്ടിയർമാർ ചേർന്ന് പതിയെ മോതിരം മുറിച്ചെടുത്ത് പാമ്പിനെ മോചിപ്പിച്ചു. പാമ്പ് എങ്ങനെ മേശവലിപ്പിനുള്ളിലെത്തി എന്നത് വീട്ടുകാർക്ക് ഇപ്പോഴും സംശയമാണ്. എങ്കിലും പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത് വലിയൊരു ഭാഗ്യമാണെന്ന് ശൈലജ പ്രതികരിച്ചു. മോതിരത്തിൽ നിന്ന് മോചിപ്പിച്ച ചേരയെ വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു.



