എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിക്ക് മികച്ച പിന്തുണ…. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന് ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി പിണറായി വിജയന് ഏറ്റവും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും, സംസ്ഥാനത്ത് എൽഡിഎഫ് ഭരണത്തുടർച്ച ഉണ്ടാകുമെന്നും എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. എൽഡിഎഫിന് എത്ര സീറ്റ് ലഭിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാൻ കഴിയില്ലെന്നും, ജനവിധി നാലാം തീയതി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോളുകൾ തെറ്റായിരുന്നുവെന്നും, അന്ന് കെ.കെ. ശൈലജ ടീച്ചർ തോൽക്കുമെന്ന് പ്രവചിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇത്തവണത്തെ എക്സിറ്റ് പോളുകളിലും വസ്തുതാവിരുദ്ധതയുണ്ട്. എക്സിറ്റ് പോൾ കണക്കുകളിൽ തെറ്റുകൾ വരാമെങ്കിലും, എല്ലാം നാലാം തീയതി അറിയാമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നും, അത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണമാറ്റം വേണമെന്ന് പറയുന്നവർ എന്തിന്റെ അടിസ്ഥാനത്തിലാണ് അത് പറയുന്നതെന്ന് വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ കോൺഗ്രസ് മുഖ്യമന്ത്രിയെച്ചൊല്ലി ചർച്ച നടത്തുന്നത് ജനാധിപത്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ജനവിധിയെ മാനിക്കാതെയാണ് അവർ ഇത്തരം ചർച്ചകൾ നടത്തുന്നത്. കോഴിക്കോട് എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും താൻ വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായി എന്ന വിലയിരുത്തൽ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button