കേരളത്തിൽ അരമണിക്കൂർ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിട്ടില്ലെന്ന് KSEB…

തിരുവനന്തപുരം: കേരളത്തില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് കെഎസ്ഇബി. നാമമാത്രമായ വൈദ്യുതി നിയന്ത്രണമാണ് ഉളളതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. വൈദ്യുതി ലഭിച്ചതോടെ കഴിഞ്ഞ ദിവസം ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ലഭ്യമാക്കാന്‍ കഴിഞ്ഞെന്നും ലൈന്‍ ഓവര്‍ലോഡ് ആയതിനെ തുടര്‍ന്നുളള നിയന്ത്രണമാണ് ഇന്നലെ ഉണ്ടായതെന്നും കെഎസ്ഇബി വിശദീകരിച്ചു.

പ്രതിസന്ധി രൂക്ഷമായാല്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്നലെ അങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല. ഇന്നലെ വൈദ്യുതി മുടങ്ങിയത് മലബാര്‍ മേഖലകളില്‍ മാത്രമാണ്. അത് ഓവര്‍ലോഡ് കാരണമാണ്. സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ആവർത്തിച്ചിരുന്നു. ഓവര്‍ലോഡ് വരുമ്പോള്‍ ട്രിപ് ആവുന്നതാണ് എന്നാണ് കെ കൃഷ്ണൻകുട്ടിയുടെ വിശദീകരണം. കാലാവസ്ഥാമാറ്റം ആണ് പ്രതിസന്ധിക്ക് കാരണമെന്നും ഉഷ്ണതരംഗം ആരും പ്രതീക്ഷിക്കാതെ വന്നതാണെന്നും പശ്ചിമേഷ്യന്‍ യുദ്ധവും തിരിച്ചടിയായെന്നും മന്ത്രി പറഞ്ഞു. ഉല്‍പാദനരംഗത്ത് ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ലെന്നും മുന്‍കൂട്ടി കണ്ട് തന്നെയാണ് പ്രവര്‍ത്തനം നടത്തിയതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button