പാമ്പുകടിയേറ്റ് സഹോദരൻ മരിച്ച സംഭവം… അനോഷ് നാളെ ആശുപത്രി വിടും… പാമ്പുകൾ താവളമാക്കിയ വീട്ടിലേക്ക് മടങ്ങാൻ ഭയമെന്ന് കുടുംബം

തൃശ്ശൂർ: കോടാലിയിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ് എട്ടുവയസ്സുകാരൻ ആൽജോ മരിച്ച സംഭവത്തിൽ, ചികിത്സയിൽ കഴിയുന്ന ജ്യേഷ്ഠൻ അനോഷ് (10) നാളെ ആശുപത്രി വിടും. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അനോഷ് ആരോഗ്യനില വീണ്ടെടുത്തതായും നടന്നു തുടങ്ങിയതായും ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ ഏപ്രിൽ 19-ന് പുലർച്ചെയാണ് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന സഹോദരങ്ങളായ അനോഷിനെയും ആൽജോയെയും വിഷപ്പാമ്പ് കടിച്ചത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട അതീവ വിഷമുള്ള പാമ്പാണ് കുട്ടികളെ ആക്രമിച്ചത്. ഇളയ മകൻ ആൽജോയുടെ വേർപാടിന്റെ തീരാദുഃഖത്തിനിടയിലും അനോഷിന്റെ തിരിച്ചുവരവ് കുടുംബത്തിന് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും വലിയൊരു ഭീതി അവരെ വേട്ടയാടുകയാണ്.

അനോഷിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തിൽ മാതാപിതാക്കളായ സിൽജോയും ജോൺസിയും വലിയ ആശങ്കയിലാണ്. കുട്ടികൾക്ക് പാമ്പുകടിയേറ്റതിന് ശേഷവും ഇതേ വീട്ടിൽ നിന്ന് പലതവണ ശംഖുവരയൻ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പുകൾ കൂടുകൂട്ടിയിരിക്കുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്. വീടിനുള്ളിൽ പാമ്പിന്റെ സാന്നിധ്യം നിലനിൽക്കുന്നതിനാൽ മകനെ അവിടേക്ക് കൊണ്ടുപോകാൻ ഭയമാണെന്ന് മാതാപിതാക്കൾ പറയുന്നു. ദുരന്തം ബാക്കിയാക്കിയ ആ വീട്ടിലേക്ക് തിരികെ പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ കുടുംബം. സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറുന്നതിനെക്കുറിച്ചും ഇവർ ആലോചിക്കുന്നുണ്ട്.

Related Articles

Back to top button