കോൺഗ്രസിൽ മുഖ്യമന്ത്രി പോര് തെരുവിലേക്ക്… മൂവാറ്റുപുഴയിൽ സതീശനായി ‘നിയുക്ത മുഖ്യമന്ത്രി’ ഫ്ലക്സ്… ആലുവയിൽ സതീശനെതിരെ പ്രതിഷേധം

എറണാകുളം: സംസ്ഥാന കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം പരസ്യമായ ഫ്ലക്സ് യുദ്ധത്തിലേക്ക് മാറുന്നു. വി.ഡി. സതീശനെ അനുകൂലിച്ചും പ്രതികൂലിച്ചും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

ഇന്ന് രാവിലെ മൂവാറ്റുപുഴ നഗരത്തിലെ കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബോർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വിവാദമായി. ഇതേത്തുടർന്ന് അല്പസമയത്തിനകം തന്നെ ഫ്ലക്സ് ബോർഡ് സ്ഥലത്തുനിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി.ഡി. സതീശനെതിരെ രൂക്ഷമായ ഭാഷയിലുള്ള ഫ്ലക്സ് ബോർഡ് ഉയർന്നിരുന്നു. “രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട” എന്നായിരുന്നു ഈ ബോർഡിലെ വാചകം. ഐ ഗ്രൂപ്പ് കേന്ദ്രങ്ങളിൽ നിന്നാണ് ഈ പ്രതിഷേധം ഉയർന്നതെന്നാണ് സൂചന.

മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യമായ അവകാശവാദങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കെപിസിസി കർശന നിർദ്ദേശം നൽകിയിരുന്നു. ഇത് നിലനിൽക്കെയാണ് സ്വന്തം ജില്ലയിൽ തന്നെ സതീശനെ അനുകൂലിച്ചും എതിർത്തും അണികൾ രംഗത്തിറങ്ങുന്നത്. എറണാകുളം ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കിടയിലെ ഭിന്നതയാണ് ഈ ഫ്ലക്സ് രാഷ്ട്രീയത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ കെപിസിസി ഇതിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Related Articles

Back to top button