മാമ്പഴം പിണറായി കൊണ്ടുപോകും… കെഎസ്ഇബി ചതിയൻ ചന്തു… രാഷ്ട്രീയ പ്രവചനവുമായി വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: കേരളത്തിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മാധ്യമങ്ങൾ പ്രചാരണം നൽകുന്നുണ്ടെങ്കിലും അവസാനം പിണറായി വിജയൻ ഭരണം നിലനിർത്തുമെന്നാണ് അദ്ദേഹം പ്രവചിച്ചത്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം വലിയ ബഹളമുണ്ടാക്കുന്നില്ലെങ്കിലും പിണറായി വിജയൻ മണ്ടനല്ലെന്നും ചെറിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുഡിഎഫ് ക്യാമ്പിൽ വെറും ഇമേജ് ബിൽഡിംഗ് മാത്രമാണ് നടക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയ്‌ക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. ശ്രീലേഖയ്ക്ക് ‘താനെന്ന ഭാവ’മാണെന്നും അധികപ്രസംഗിയാണെന്നും അദ്ദേഹം പറഞ്ഞു. വേലിയിലിരുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ചതുപോലെയാണോ ഇതെന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖറിന് അവരെ കൊണ്ടുവന്നതിൽ തെറ്റുപറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കെഎസ്ഇബിയെ രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി വിമർശിച്ചത്. കെഎസ്ഇബി ഒരു ‘ചതിയൻ ചന്തു’വായി മാറിയെന്നും അതൊരു വെള്ളാനയാണെന്നും അദ്ദേഹം ആരോപിച്ചു. “ഉദ്യോഗസ്ഥർ അകത്തിരുന്ന് കനത്ത ശമ്പളം വാങ്ങുന്നു. വൈദ്യുതി ക്ഷാമം പരിഹരിക്കാൻ കാലാകാലങ്ങളിൽ വന്ന സർക്കാരുകൾ പുതിയ പദ്ധതികൾ കൊണ്ടുവന്നില്ല. സോളാർ വെച്ച് വൈദ്യുതി നൽകിയവന് പണം നൽകുന്നില്ല. ബോർഡ് ജനങ്ങളെ ചതിക്കുകയാണ്.” – വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. 12 മന്ത്രിമാർ പരാജയപ്പെടുമെന്ന വി.ഡി. സതീശന്റെ പ്രസ്താവന വെറും ആഗ്രഹം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. രാഷ്ട്രീയത്തിനപ്പുറം ഉദ്യോഗസ്ഥ ഭരണത്തിനെതിരെയും വെള്ളാപ്പള്ളി തന്റെ നിലപാട് വ്യക്തമാക്കി.

Related Articles

Back to top button