“മന്ത്രി അവശയായിരുന്നു… ആശുപത്രിയിലെത്തിക്കാതെ എനിക്ക് പോകാനാവില്ല”…. കണ്ണൂരിലെ പ്രതിഷേധത്തിൽ വിശദീകരണവുമായി സ്പീക്കർ

തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിലും തുടർന്നുള്ള സംഭവങ്ങളിലും വിശദീകരണവുമായി സ്പീക്കർ എ.എൻ. ഷംസീർ. പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രിയെ ആശുപത്രിയിലെത്തിക്കാൻ കൂടെ നിൽക്കുകയായിരുന്നുവെന്നും ആയുധം ഉപയോഗിച്ചുവെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി തികച്ചും അവശയായ നിലയിലായിരുന്നു. ഒരു സഭാംഗം റെയിൽവേ പ്ലാറ്റ്‌ഫോമിൽ അവശയായി ഇരിക്കുമ്പോൾ തനിക്ക് വന്ദേഭാരത് ട്രെയിനിൽ കയറി പോകാൻ സാധിക്കുമായിരുന്നില്ല. മന്ത്രിയെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ട ഉത്തരവാദിത്തം ഉണ്ടായിരുന്നു. വനിതാ മന്ത്രിക്കെതിരെയുള്ള പ്രതിഷേധത്തിൽ കെഎസ്‌യുവിന്റെ ഭാഗത്ത് നിന്ന് പെൺകുട്ടികൾ ആരും ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്നും സംഘടനയിൽ പെൺകുട്ടികളില്ലേയെന്നും സ്പീക്കർ ചോദിച്ചു.

പ്രവർത്തകർ അറസ്റ്റിലായതിനെക്കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനത്തിനും ഷംസീർ മറുപടി നൽകി. ജനാധിപത്യത്തിൽ സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുണ്ട്, എന്നാൽ അതിന്റെ ഭാഗമായി ജയിലിൽ കിടക്കേണ്ടി വരും. ജയിലിൽ കിടക്കുന്നത് എന്തോ വലിയ അപരാധമാണെന്ന നിലയിലാണ് കോൺഗ്രസ് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ഫെബ്രുവരി 25-ന് വൈകുന്നേരം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് മന്ത്രിക്കെതിരെ കെഎസ്‌യു കരിങ്കൊടി കാട്ടിയത്. പ്രതിഷേധത്തിനിടയിലെ ഉന്തും തള്ളിലും മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. തുടർന്ന് കഴുത്തിൽ ബെൽറ്റ് ധരിച്ച നിലയിലുള്ള മന്ത്രിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഈ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

Related Articles

Back to top button