ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി…. ലൈംഗിക ചൂഷണവും 49 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പും

കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണത്തിനും സാമ്പത്തിക തട്ടിപ്പിനും പരാതി. കൊച്ചി സ്വദേശിനിയായ യുവതിയാണ് ഷിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാലാരിവട്ടം പോലീസിനെ സമീപിച്ചിരിക്കുന്നത്.

ഷിയാസ് കരീം തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നും വിവിധ ഘട്ടങ്ങളിലായി തന്നിൽ നിന്ന് 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നുമാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ച പോലീസ് ഉടൻ തന്നെ നടന്റെ മൊഴിയെടുക്കുമെന്നാണ് സൂചന. അടുത്തിടെ നടി അനുമോളോട് ബീഫ് കഴിക്കുന്നതിനെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “ബീഫ് കഴിക്കുന്നില്ലേ, നീ ബിജെപിയിൽ ചേർന്നോ?” എന്ന ഷിയാസിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കിരയായിരുന്നു. എന്നാൽ ഇത് തമാശ രൂപേണ ചോദിച്ചതാണെന്നായിരുന്നു ഷിയാസിന്റെ വിശദീകരണം.

നേരത്തെയും സമാനമായ ലൈംഗികാതിക്രമ പരാതി ഷിയാസിനെതിരെ ഉയർന്നിരുന്നു. ആ കേസ് കോടതി ക്ലോസ് ചെയ്തതാണെന്നും സ്ത്രീകൾക്ക് നിയമത്തിൽ മുൻഗണന ഉള്ളിടത്തോളം കാലം ആർക്കെതിരെയും ഇത്തരം കേസുകൾ വരാമെന്നുമായിരുന്നു ഇതിനെക്കുറിച്ച് ഷിയാസ് അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. എന്നാൽ ഈ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പുതിയ പരാതിയും പുറത്തുവരുന്നത് എന്നത് ശ്രദ്ധേയമാണ്. നിലവിൽ യുവതിയുടെ പരാതിയിൽ പാലാരിവട്ടം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button