നിതിൻ രാജിന്റെ മരണം… മുൻകൂർ ജാമ്യം തേടി ഡോ. റാം ഹൈക്കോടതിയിലേക്ക്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി ഡോ. എം.കെ. റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നു. നേരത്തെ തലശ്ശേരി ജില്ലാ അഡീഷണൽ സെഷൻസ് കോടതി റാമിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്നാണ് നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് മാറ്റാൻ പ്രതിഭാഗം ഒരുങ്ങുന്നത്.
കേസിലെ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർക്ക് കഴിഞ്ഞ ദിവസം തലശ്ശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. നിതിൻ രാജിനെതിരെ ജാതി അധിക്ഷേപമോ ജാതിപ്പേര് വിളിച്ച് അപമാനിക്കലോ നടന്നതിന് തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലോൺ ആപ്പുകാരുടെ ഭീഷണി, പ്രിൻസിപ്പലിന്റെ മുറിയിലെ ചോദ്യം ചെയ്യൽ, തുടന്നുണ്ടായ പരാതിയെക്കുറിച്ചുള്ള ഭയം എന്നിവയാകാമെന്നും കോടതി വിധിയിൽ പരാമർശമുണ്ട്.
ഡോ. റാമിന് ജാമ്യം നിഷേധിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളാണ് കോടതി ചൂണ്ടിക്കാട്ടിയത്. നിതിൻ രാജിനെ പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് ‘കൂട്ടവിചാരണ’ ചെയ്യുമ്പോൾ ഡോ. റാമിന്റെ സജീവ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. സംഭവത്തിൽ റാമിനുള്ള പങ്ക് വ്യക്തമാകാൻ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.
കേസ് രജിസ്റ്റർ ചെയ്തത് മുതൽ ആരോപണവിധേയരായ ഡോ. റാമും സംഗീത നമ്പ്യാരും ഒളിവിലായിരുന്നു. സംഗീത നമ്പ്യാർക്ക് ജാമ്യം ലഭിച്ചെങ്കിലും, ജാമ്യാപേക്ഷ തള്ളപ്പെട്ടതോടെ ഡോ. റാം ഒളിവ് ജീവിതം തുടരുകയാണ്. വിദ്യാർത്ഥികളോട് ഡോ. റാം മോശമായി പെരുമാറുന്ന സ്വഭാവമുണ്ടെങ്കിലും അത് ജാതിയുടെ അടിസ്ഥാനത്തിലല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല വിധി പ്രതീക്ഷിച്ചാണ് പ്രതിഭാഗം നീങ്ങുന്നത്.



