സംസ്ഥാനത്ത് ഉഷ്ണതരംഗം കടുക്കുന്നു… പാലക്കാട്ടും ഇടുക്കിയിലും മൂന്ന് പേർക്ക് സൂര്യതാപമേറ്റു

കേരളത്തിൽ ചൂട് അതീവ ഗുരുതരമായ നിലയിലേക്ക് ഉയരുന്നു. പാലക്കാട് ജില്ലയിൽ രണ്ട് പേർക്കും ഇടുക്കിയിൽ ഒരാൾക്കും സൂര്യതാപമേറ്റു. താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
ലക്കിടി കൂട്ടുപാതയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് പാലക്കാട് ജില്ലയിൽ സൂര്യതാപമേറ്റത്. ഓട്ടോ ഓടിക്കുന്നതിനിടെയാണ് ജയന് കഴുത്തിലും ശരീരത്തിന്റെ മറ്റ് മൂന്ന് ഭാഗങ്ങളിലും പൊള്ളലേറ്റത്. വാണിയംകുളത്ത് നിന്ന് തോട്ടക്കരയിലേക്ക് പോകുന്നതിനിടെയാണ് ജയശ്രീക്ക് പൊള്ളലേറ്റത്.
താരതമ്യേന തണുപ്പുള്ള ജില്ലയായിട്ടും ഇടുക്കി കട്ടപ്പനയിലും സൂര്യതാപമേറ്റ സംഭവമുണ്ടായി. കട്ടപ്പന 20 ഏക്കർ സ്വദേശി താഴത്തുവീട്ടിൽ അജീഷിനാണ് പൊള്ളലേറ്റത്. വീടിന് സമീപം തടിപ്പണി ചെയ്യുന്നതിനിടെയാണ് ഇയാൾക്ക് സൂര്യതാപമേറ്റത്. അജീഷ് ആശുപത്രിയിൽ ചികിത്സ തേടി.
സംസ്ഥാനത്ത് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവർ ജോലി സമയം ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്ത കുറച്ചു ദിവസങ്ങളിൽ ചൂട് സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.



