പുളിക്കലിലെ ജ്വല്ലറിയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ സാഹസിക മോഷണം… മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പോലീസ് പിടികൂടി

മലപ്പുറം: പുളിക്കലിലെ ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ സ്വര്ണവളകൾ മോഷ്ടിച്ച കേസിൽ പ്ലസ് വൺ വിദ്യാർത്ഥിയടങ്ങുന്ന മൂന്നംഗ സംഘത്തെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശിയായ പ്ലസ് വൺ വിദ്യാർത്ഥിക്ക് പുറമെ, പെരുമണ്ണ സ്വദേശി മുഹമ്മദ് സിനാൻ (21), പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് ഇഖ്ബാൽ (19) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ പുളിക്കൽ അങ്ങാടിയിലെ കനകമഹൽ ജ്വല്ലറിയിലായിരുന്നു സംഭവം. ആഭരണം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ വിദ്യാർത്ഥി, ജീവനക്കാരുടെ കണ്ണുവെട്ടിച്ച് രണ്ട് പവൻ തൂക്കം വരുന്ന മൂന്ന് വളകളുമായി പുറത്തേക്കോടുകയായിരുന്നു. ജ്വല്ലറിക്ക് പുറത്ത് ബൈക്കുമായി കാത്തുനിന്നിരുന്ന മുഹമ്മദ് സിനാനോടൊപ്പം വിദ്യാർത്ഥി അതിവേഗം രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇതിനിടെ കോഴിക്കോട് പന്തീരാങ്കാവിലും സമാനമായ രീതിയിൽ മോഷണവും മോഷണശ്രമവും നടന്നതായി പോലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ വലയിലാക്കിയത്. മോഷണം നടത്തിയ വളകൾ വിൽക്കാൻ സഹായിച്ചിരുന്നത് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണെന്ന് പോലീസ് പറഞ്ഞു. കൊണ്ടോട്ടി ഇൻസ്പെക്ടർ കെ. അനുദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ എം.ആർ. കൃഷ്ണപ്രസാദ്, എം. അമർനാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികൾക്ക് മറ്റ് ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്.



