യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ശ്രമമെന്ന് പരാതി; കൊട്ടിക്കലാശത്തിന് തലേ ദിവസം സിപിഎം -ആർഎസ്പി കൂടിക്കാഴ്ച, ദൃശ്യങ്ങൾ പുറത്ത്

കൊല്ലം യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയെ തോൽപ്പിക്കാൻ ആർ.എസ്.പി. നേതാക്കളുടെ ശ്രമമെന്ന് പരാതി. ആസൂത്രിതമായി ബിന്ദുവിനെ തോൽപിക്കാൻ ശ്രമം നടന്നെന്നാണ് പരാതി. സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിലെ മൂന്നുപേരുമായി ആർഎസ്പി കൊല്ലം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ളവർ കൂടിക്കാഴ്ച നടത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

കൊട്ടിക്കലാശത്തിന് തലേ ദിവസം രാത്രി ആയിരുന്നു കൂടിക്കാഴ്ച. കൊല്ലം ബീച്ച് റോഡിലെ ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്.
തീരദേശ മേഖലയിൽ ആർഎസ്പിയുമായി ധാരണ ഉറപ്പിക്കാനായിരുന്നു കൂടിക്കാഴ്ച. യുടിയുസി ജില്ലാ നേതാവിന്റെ നിർദേശപ്രകാരമാണ് ആർഎസ്പി പ്രാദേശിക നേതാക്കൾ കൂടിക്കാഴ്ച നടത്തിയതെന്നും ആരോപണമുണ്ട്.

ഒരു മണിക്കൂറോളം നീണ്ടതായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് പരാതിയെ തുടർന്ന് ആർഎസ്പി പ്രതിനിധിയെ മാറ്റി പകരം ആൾക്ക് തിരഞ്ഞെടുപ്പ് ചുമതല നൽകേണ്ടി വന്നു. വിഷയം ചർച്ചചെയ്യാൻ വിളിച്ച ആർഎസ്പി യോഗത്തിലും രൂക്ഷമായ വാക്കുതർക്കമുണ്ടായി.
ആർഎസ്പി- സിപിഎം കൂടിക്കാഴ്ച കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചു.

കൂടിക്കാഴ്ച നടന്നത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഡീൽ നേരത്തെ തിരിച്ചറിഞ്ഞതിനാൽ വോട്ട് ചോർച്ച തടയാൻ കഴിഞ്ഞു എന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

സംഭവത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിന്ദു കൃഷ്ണയും തിരഞ്ഞെടുപ്പ് കമ്മിറ്റിയും, കെപിസിസിക്കും ആർ.എസ്.പി. സംസ്ഥാന നേതൃത്വത്തിനും യുഡിഎഫ് നേതൃത്വത്തിനും പരാതി നൽകിയിട്ടുണ്ട്. ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പരാതി നൽകിയിരിക്കുന്നത്.

Related Articles

Back to top button