നിതിൻ രാജിന്റെ മരണം… ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല… ജാതിരേഖ ചമയ്ക്കാനുള്ള നീക്കം തകർത്ത് പ്രോസിക്യൂഷൻ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (നാല്) വിധി പ്രസ്താവിച്ചു. ഒന്നാം പ്രതിയായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാമിന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. അതേസമയം, കേസിലെ രണ്ടാം പ്രതിയായ സംഗീത നമ്പ്യാർക്ക് കോടതി ജാമ്യം അനുവദിച്ചു.

പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ താൻ പട്ടികജാതിക്കാരനാണെന്ന രേഖ ഡോ. റാം കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ റാം കർണാടകയിൽ ഒബിസി വിഭാഗത്തിലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി പ്രോസിക്യൂഷൻ ഈ വാദം പൊളിച്ചു. നിതിൻ രാജിനെ ഡോ. റാം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും ജാതിപരമായി അധിക്ഷേപിച്ചിരുന്നതായും സഹപാഠികൾ മൊഴി നൽകിയിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ച ഗുരുതരമായ കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധ്യപ്പെടുത്തി.

ഒന്നാം പ്രതിക്ക് ജാമ്യം നൽകരുതെന്ന വാദം കോടതി അംഗീകരിച്ചതിൽ ആശ്വാസമുണ്ടെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ നൽകുന്ന കാര്യം നിതിൻ രാജിന്റെ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ വിദ്യാർത്ഥികൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡോ. റാം വിദ്യാർത്ഥികളെ നിരന്തരം വേട്ടയാടിയിരുന്നതായാണ് പുറത്തുവരുന്ന സൂചനകൾ. പ്രതിയായ ഡോക്ടർക്ക് ജാമ്യം ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കും.

Related Articles

Back to top button