‘പോടാ പുല്ലേ പോലീസേ’…. മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കേസ്…. വട്ടിയൂർക്കാവ് മാർച്ചിൽ അഞ്ചാം പ്രതി

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ പോലീസിനെതിരെ വിവാദമായ രീതിയിൽ മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ആർ. ശ്രീലേഖയെ പോലീസ് പ്രതിചേർത്തു. അന്യായമായി സംഘം ചേർന്നതടക്കമുള്ള വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖ അഞ്ചാം പ്രതിയാണ്. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാ നാഥ് ആണ് കേസിൽ ആറാം പ്രതി.
വട്ടിയൂർക്കാവിലെ സംഘർഷത്തിൽ പ്രതിഷേധിച്ചു നടന്ന സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തത് ശ്രീലേഖയായിരുന്നു. “പോടാ പുല്ലേ പോലീസേ, പിണറായിയുടെ തെമ്മാടികളേ” എന്ന് ശ്രീലേഖ മുദ്രാവാക്യം വിളിച്ചത് വലിയ വിവാദമായി. ആദ്യഘട്ടത്തിൽ പോലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നില്ല. എന്നാൽ, കമ്മീഷണർക്കെതിരെ രൂക്ഷമായ ആരോപണവുമായി വി.കെ. പ്രശാന്ത് എംഎൽഎ രംഗത്തെത്തിയതോടെയാണ് നടപടിയുണ്ടായത്.
താൻ സർവീസിലിരുന്നപ്പോഴും തെറ്റായ രീതിയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ‘പോടാ പുല്ലേ’ എന്ന് മുഖത്തുനോക്കി വിളിച്ചിട്ടുണ്ടെന്നും അത് തന്റെ സ്വഭാവമാണെന്നും ശ്രീലേഖ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. കേരളത്തിലെ ആദ്യ വനിതാ ഡിജിപിയായിരുന്ന ഒരാൾ സേനയെ ഇത്രയും തരംതാഴ്ന്ന രീതിയിൽ അധിക്ഷേപിച്ചതിൽ ഐപിഎസ് അസോസിയേഷനടക്കം കടുത്ത പ്രതിഷേധത്തിലാണ്. മറ്റൊരു മുൻ ഡിജിപി ടി.പി സെൻകുമാറും മാർച്ചിൽ പങ്കെടുത്ത് പോലീസിന് മുന്നറിയിപ്പ് നൽകിയിരുന്നു.



