തൃശ്ശൂര്‍ വെടിക്കെട്ടുപുര ദുരന്തം; മരണപ്പെട്ടവരിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും

മുണ്ടത്തിക്കോട് പൂരം വെടിക്കെട്ടിനുള്ള ഒരുക്കത്തിനിടെ വെടിക്കെട്ട് സാമഗ്രികളുടെ നിർമാണപ്പുരയിലുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലനും ഉൾപ്പെട്ടതായി സ്ഥിരീകരിച്ചു. സംഭവത്തിന്റെ അപ്രതീക്ഷിതത്വം സിനിമാ ലോകത്തെയും സഹപ്രവർത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗമായിരുന്ന ബിജീഷ്, നിരവധി സിനിമകളിൽ മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ജൂഡ് ആന്റണി സംവിധാനം ചെയ്ത് വിസ്മയ മോഹൻലാൽ നായികയായെത്തുന്ന ‘തുടക്കം’ എന്ന ചിത്രത്തിലും അദ്ദേഹം പ്രധാന സംഘത്തിന്റെ ഭാഗമായിരുന്നു.
സംവിധായകൻ ജൂഡ് ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അനുശോചന സന്ദേശത്തിൽ, ”ഞങ്ങളുടെ ‘തുടക്കം’ സിനിമയുടെ ഭാഗമായിരുന്ന ഹൃദയഭേദകമായൊരു നഷ്ടം” എന്നാണ് രേഖപ്പെടുത്തിയത്. ബിജീഷിന്റെ വിയോഗം സിനിമയുടെ അണിയറപ്രവർത്തകരെ അതീവ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിലും ബിജീഷ് തന്റെ പ്രൊഫഷണൽ മികവോടെ പ്രവർത്തിച്ചിട്ടുണ്ട്. സഹപ്രവർത്തകരും സിനിമാ മേഖലയിലെ നിരവധി പേരും അദ്ദേഹത്തിന് അനുശോചനം രേഖപ്പെടുത്തി.
അതേസമയം, മരിച്ചവരുടെ എണ്ണം 14 ആയി. 4 പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കാഞ്ഞിരക്കോട് സ്വദേശി സുരേഷ് സി എ (50), കോട്ടപ്പുറം സ്വദേശി അഭിജിത് എന്ന അഭി (28), മണക്കൂടി സ്വദേശി വിഷ്ണു (38), കോട്ടപ്പുറം സ്വദേശി ഗിരീഷ് (42) എന്നിവരെയാണ് കാണാതായത്. പരിശോധന തുടരുകയാണ്.
ഇവരുടെയെല്ലാം ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ സാധിക്കാത്ത ഒരു മൃതദേഹവും, 29 ശരീര ഭാഗങ്ങളും ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ തിരഞ്ഞു എത്തിയിട്ടുണ്ട്. നിലവിൽ 9 മൃതദേഹങ്ങളിൽ 8 പേരുടെയും മൃതദേഹങ്ങൾ വിട്ടു കൊടുത്തു. ഒരാളുടെ ഡി എൻ എ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഡി എൻ എ ഫലം മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ലഭ്യമാക്കും. ഒരാളുടെ ഡി എൻ എ സാമ്പിൾ എടുക്കാൻ കാത്തിരിക്കുന്നു. എല്ലാ കണക്കുകളും ക്രോഡീകരിച്ച് വ്യക്തമാ ക്കുമെന്നും കളക്ടർ അറിയിച്ചു.
തൃശ്ശൂർ പഴയന്നൂർ വെണ്ണൂർ പാറക്കണ്ടിൽ വീട്ടിൽ അറുമുഖന്റെ മകൻ സുദർശൻ (54), പാലക്കാട് കുമരനെല്ലൂർ കച്ചൂർ മാടിപുറത്ത് വീട്ടിൽ കോർമന്റെ മകൻ വാസുദേവൻ (54), തൃശ്ശൂർ കുണ്ടന്നൂർ സ്വദേശി മുതുകാട്ടിൽ വീട്ടിൽ സുവിൻ (40), മലപ്പുറം എടപ്പാൾ സ്വദേശി മണികണ്ഠൻ (60), തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ (33), മലപ്പുറം കുളത്തൂർ സ്വദേശി സുബ്രമണ്യൻ (50), മലപ്പുറം എടപ്പാൾ സ്വദേശി വിജയൻ (60), തൃശ്ശൂർ ഇഞ്ചമുടി സ്വദേശി ബിജീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. ഇതിൽ തൃശ്ശൂർ കോട്ടപ്പുറം സ്വദേശി മണികണ്ഠൻ വെടിക്കെട്ട് കാണാനെത്തിയ പ്രദേശവാസിയാണ്.
അതേസമയം തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് സാധ്യതയിൽ ഉൾപ്പടെയാണ് പരിശോധന. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായി. അപകട കാരണം എന്താണ് എന്നതിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് നിർണായകം ആകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ എന്നതും പരിശോധിച്ചുവരികയാണ്.
അതേസമയം, വെടിക്കെട്ട് സ്ഫോടനത്തിൽ ശരീര ഭാഗങ്ങൾ തേടിയുള്ള പരിശോധന പൂർത്തിയായി. പ്രാഥമിക തെളിവെടുപ്പ് എഡിഎം പൂർത്തിയാക്കി. വെടിക്കെട്ട് നിർമാണ ശാലയുടെ സമീപത്തുണ്ടായിരുന്ന കുളത്തിലെ പരിശോധനയും പൂർത്തിയായി. അവിടെ നിന്നും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ചില വസ്തുക്കൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. സാമ്പിൾ ഫോറൻസിക് എടുത്ത ശേഷം പൊലീസ് നിർദേശം അനുസരിച്ചായിരിക്കും ബാക്കി തീരുമാനം.
മുണ്ടത്തിക്കോട് വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്ന 5 പേരുൾപ്പെടെ 13 പേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും. ഇതുവരെ മോർച്ചറിയിൽ എത്തിയത് 9 മൃതദേഹമാണ്. ഏഴുപേരെ തിരിച്ചറിഞ്ഞു.
അതേസമയം തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ജില്ലാ കലക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തരമായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഓൺലൈനായി പങ്കെടുത്തതിനു ശേഷം തൃശൂർ കലക്‌ടറേറ്റിൽ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിൽ അടിയന്തര സഹായം എന്ന നിലയിൽ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 50 ലക്ഷം രൂപ സർക്കാർ ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.



